ഉത്തര്‍പ്രദേശ്‌ ഭരണം പിടിക്കാന്‍ ഇഫ്താറുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകരും രംഗത്ത്

ന്യൂഡല്‍ഹി: മുസ്ലീം വിഭാഗത്തെ ആകര്‍ഷിപ്പിച്ച് ഉത്തര്‍പ്രദേശ് സംസ്ഥാന ഭരണം പിടിക്കാന്‍ വ്യാപകമായി ഇഫ്താര്‍ സംഘടിപ്പിക്കാന്‍ ആര്‍.എസ്.എസ് ഒരുങ്ങുന്നു.

ഇതിനു മുന്നോടിയായി മൊറാദാബാദില്‍ കഴിഞ്ഞ ദിവസം ആര്‍.എസ്.എസിന് കീഴിലെ മുസ്ലിം രാഷ്ട്രീയ മഞ്ച് (എം.ആര്‍.എം) ഇഫ്താര്‍ നടത്തി. ഡല്‍ഹിയിലും മുസ്ലിം രാഷ്ട്രീയ മഞ്ചാണ് ഇഫ്താര്‍ സംഘടിപ്പിച്ചത്. അടുത്തയാഴ്ച ലഖ്‌നോവിലും ഇഫ്താര്‍ നടത്തുമെന്ന് മുതിര്‍ന്ന ആര്‍.എസ്.എസ് പ്രചാരകനും മുസ്ലിം രാഷ്ട്രീയ മഞ്ച് ജോയന്റ് കണ്‍വീനറുമായ മഹിരാജ്ധ്വജ് സിങ് പറഞ്ഞു.

സമീപ ജില്ലകളായ ഉന്നാവോ, കാണ്‍പൂര്‍, ബാരബങ്കി, സീതാപൂര്‍, ഹരോദി എന്നിവിടങ്ങളിലുള്ളവര്‍ ഇതില്‍ പങ്കെടുക്കും. മാധ്യമങ്ങളോട് രാഷ്ട്രീയം പറയാന്‍ സാധ്യതയുള്ളതിനാല്‍ ഇഫ്താറില്‍ മുസ്ലിം പണ്ഡിതന്മാരെ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് എട്ടിന് ലഖനോവില്‍ മുസ്ലിം പണ്ഡിതന്മാരുടെ സമ്മേളനം നടത്താനും ആര്‍.എസ്.എസ് ഉദ്ദേശിക്കുന്നുണ്ട്. വിവിധ സമുദായങ്ങളിലുള്ളവരെ പങ്കെടുപ്പിച്ച് ഉത്തര്‍പ്രദേശിലെ വിവിധ സ്ഥലങ്ങളില്‍ ഈദ് മിലാന്‍ പരിപാടിയും സംഘടിപ്പിക്കും.

നിലവില്‍ സമാജ്‌വാദി പാര്‍ട്ടിയിലെ അഖിലേഷ് യാദവാണ് യു.പി മുഖ്യമന്ത്രി. ബി.എസ്.പിയുടെ മാതായവതിയും ശക്തയാണ്. യു.പിയില്‍
ബി.ജെ.പിക്ക് ഭരണം പിടിക്കണമെങ്കില്‍ ന്യൂനപക്ഷ മുസ്ലീം വോട്ടര്‍മാരെക്കൂടി ആകര്‍ഷിക്കേണ്ടതുണ്ട്.

ബാബറി മസ്ജിദ് സംഘപരിവര്‍ തകര്‍ത്തതോടെയാണ് കോണ്‍ഗ്രസിനെ കൈവിട്ട് യു.പിയിലെ മുസ്ലീങ്ങള്‍ മുലായംസിങിനും മായാവതിക്കും പിന്നില്‍ അണിനിരന്നത്. ഇതോടെ യു.പി രാഷട്രീയത്തില്‍ കോണ്‍ഗ്രസ് അപ്രസക്തമാവുകയായിരുന്നു.

പാര്‍ലമെന്റിലേക്ക് ഏറ്റവും കൂടുതല്‍ എം.പിമാരെ സൃഷ്ടിക്കുന്ന യു.പി ഭരണം പടിക്കല്‍ ആര്‍.എസ്.എസിന്റെ രാഷ്ട്രീയ അജണ്ടയാണ്. ബാബറി മസ്ജിദ് തകര്‍ത്ത തീവ്ര ഹിന്ദുത്വര്‍ എന്ന ഭീതിമാറ്റാനാണ് ഇപ്പോള്‍ മുസ്ലീങ്ങള്‍ക്ക് ഇഫ്താറുമായി രംഗത്തിറങ്ങിയിരിക്കുന്നത്. രാജ്യ വ്യാപകമായി ഇതിന് നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയും നേതൃത്വത്തിനുണ്ട്.

യു.പി.എ സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിമാര്‍ ഇഫ്താര്‍ നടത്തുന്നതിനെ വിമര്‍ശിച്ച ആര്‍.എസ്.എസാണ് ഇപ്പോള്‍ സ്വന്തം നിലക്ക് ഇഫ്താര്‍ നടത്തുന്നതെന്നാണ് ശ്രദ്ധേയമാകുന്നത്.

Top