ഉത്തര്‍പ്രദേശിലെ മതപരിവര്‍ത്തനം: കേന്ദ്രസര്‍ക്കാര്‍ വീണ്ടും പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഭരിക്കുന്നത് രാമന്റെ പിന്തുടര്‍ച്ചക്കാര്‍ വേണോ അതോ ജാരസന്തതികള്‍ വേണോ എന്ന മന്ത്രി സ്വാധി നിരഞ്ജന്‍ ജ്യോതിയുടെ പരാമര്‍ശം സൃഷ്ടിച്ച കോലാഹലം തീരുന്നതിനു മുമ്പേ സര്‍ക്കാരിനെ വെട്ടിലാക്കി ആര്‍.എസ്.എസും. ഉത്തര്‍ പ്രദേശില്‍ മുസ്ലിങ്ങളെ ഹൈന്ദവ മതത്തിലേക്ക് ചെയ്യുന്നുവെന്ന ആര്‍.എസ്.എസിന്റെ അവകാശവാദമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കിയിരിക്കുന്നത്. ആര്‍.എസ്.എസിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഭാഗത്ത് നിന്ന് വിശദീകരണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുകയാണ്.

ആര്‍.എസ്.എസിന്റെ ഇത്തരത്തിലുള്ള നടപടി രാജ്യത്തിന്റെ മതേതര ഇമേജിന് ഭീഷണിയാണ്. നിര്‍ബന്ധിച്ചുള്ള മതം മാറ്റം ക്രിമിനല്‍ കുറ്റമാണ്. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ രാജ്യത്ത് കലാപം ഉണ്ടാകുമെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രാജ്യസഭയില്‍ പറഞ്ഞു.

ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിയും കോണ്‍ഗ്രസിന്റെ അഭിപ്രായത്തെ പിന്തുണച്ചിട്ടുണ്ട്. നിര്‍ബന്ധിച്ചുള്ള മതം മാറ്റം രാജ്യത്ത് വന്‍ ലഹള സൃഷ്ടിക്കുമെന്ന് അവര്‍ വ്യക്തമാക്കി. ആര്‍.എസ്.എസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയാണെന്നും അവര്‍ മായാവതി ആരോപിച്ചു. സി.പി.ഐ നേതാവ് സീതാറാം യെച്ചൂരിയും പ്രതിഷേധവുമായി രംഗത്തെത്തി. രാജ്യസഭാ ചെയര്‍പെഴ്‌സണ്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആഗ്രയില്‍ 57 മുസ്ലിം കുടുംബങ്ങളെ ഹൈന്ദവ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതായാണ് ആര്‍.എസ്.എസ് ഇന്നലെ അവകാശപ്പെട്ടത്. ധര്‍മ ജാഗരണ്‍ സാമന്‍വെ വിഭാഗും ബജ്‌റംഗ്ദളും സംയുക്തമായി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് മുസ്ലിങ്ങളെ ഹൈന്ദവ മതത്തിലേക്ക് ചേര്‍ത്തത്. ആഗ്രയിലെ മധുനഗര്‍ ചേരി പ്രദേശത്ത് നിന്ന് 200 മുസ്ലിങ്ങളെകൂടി മതപരിവര്‍ത്തനം നടത്തുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തേക്ക് മതപരിവര്‍ത്തനം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മതപരിവര്‍ത്തനത്തെ ന്യായീകരിച്ച് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്. ഏതു മതത്തില്‍ ചേരണമെന്ന് തീരുമാനിക്കാന്‍ എല്ലാ വ്യക്തികള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും, ആഗ്രയിലെ മുസ്ലിങ്ങള്‍ ഹൈന്ദവ മതം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ഒരു തെറ്റുമില്ലെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് വിനയ് കാത്തിയാര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

Top