ഉണ്ണിത്താന്‍ വധശ്രമക്കേസ് അട്ടിമറിക്കാന്‍ നീക്കം:റഷീദിനെ തിരിച്ചെടുത്തത് ദുരൂഹം

തിരുവനന്തപുരം: മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമ ഗൂഢാലോചന കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിന് പിന്നില്‍ ഗൂഢനീക്കം.

ഇതേ കുറ്റത്തിന് നേരത്തെ അറസ്റ്റിലായിരുന്ന ഡിവൈഎസ്പി സന്തോഷ് നായരെ സര്‍വ്വീസില്‍ തിരിച്ചെടുക്കാതെ റഷീദിനോട് മാത്രം ആഭ്യന്തര വകുപ്പ് കാണിച്ച താല്‍പ്പര്യത്തിന് പിന്നില്‍ ‘ചില ഇടപാടുകള്‍’ നടന്നതായാണ് ഉയര്‍ന്നുവരുന്ന ആരോപണം.

ഭരണതലത്തില്‍ ശക്തമായ സ്വാധീനമുണ്ടായിരുന്ന റഷീദിനെ ഉണ്ണിത്താന്‍ വധശ്രമക്കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് ഡിഐജി ശ്രീജിത്തിന്റെയും എസ്.പി. സാംക്രിസ്റ്റിയുടെയും നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. പിന്നീട് കേസ് അന്വേഷിച്ച സിബിഐ എഎസ്പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റഷീദിനെ അറസ്റ്റ് ചെയ്തിരുന്നത്.

ഡിവൈഎസ്പി സന്തോഷ്‌നായരെയും ചില ഗുണ്ടകളെയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച് കേസ് ഒതുക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നാണ് കേസ് സിബിഐക്ക് വിട്ടിരുന്നത്.

അറസ്റ്റിലാവുമ്പോള്‍ കേരള പോലീസ് സര്‍വ്വീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന റഷീദിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തതിനുശേഷം ഇതേ പദവിയില്‍ അദ്ദേഹത്തെ അവരോധിക്കുകയും ചെയ്തിരുന്നു.

റഷിദീനെ സര്‍വ്വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സസ്‌പെന്‍ഷനിലായിരുന്ന സമയത്ത് ശക്തമായ സമ്മര്‍ദ്ദമുയര്‍ന്നിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അതിന് തയ്യാറായിരുന്നില്ല. എന്നാല്‍ രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായതോടെയാണ് റഷീദിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.

ഈ കേസില്‍ മാപ്പുസാക്ഷിയായ കണ്ടയ്‌നര്‍ സന്തോഷ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നത്.

വധശ്രമക്കേസില്‍ നേരത്തെ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് എസ്.പി സാംക്രിസ്റ്റിക്കും അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് ഡിഐജി ശ്രീജിത്തിനും എതിരെ സന്തോഷ് മൊഴി നല്‍കിയിരുന്നു. റഷീദിനെതിരെ മൊഴി പറയിക്കാതിരിക്കാന്‍ കൊല്ലത്തെ ചവറ ഐആര്‍ഐ ഗസ്റ്റ്ഹൗസില്‍ വച്ച് ശ്രീജിത്ത് തന്നോട് ആവശ്യപ്പെട്ടുവെന്നായിരുന്നു മാപ്പുസാക്ഷിയുടെ മൊഴി.

ഇതിന്റെ അടിസ്ഥാനത്തില്‍ ശ്രീജിത്തിനും സാംക്രിസ്റ്റിക്കുമെതിരെ നടപടി ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ കെ.എം ഷാജഹാന്‍ തിരുവനന്തപുരം കോടതിയില്‍ പ്രത്യേക ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു.

എന്നാല്‍ കേസില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുന്ന ഘട്ടത്തില്‍ പരിഗണിക്കുന്നതിനായി ഹര്‍ജി പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.

ഈ സാഹചര്യത്തിലാണ് സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു മുമ്പുതന്നെ ഡിവൈഎസ്പി റഷീദിനെ ആഭ്യന്തരവകുപ്പ് തിരക്കിട്ട് സര്‍വ്വീസില്‍ തിരിച്ചെടുത്തത്.

കേസ് അന്വേഷണം അട്ടിമറിക്കാന്‍ അണിയറയില്‍ ശക്തമായ ചരടുവലി നടക്കുന്നുണ്ടെന്ന ആക്ഷേപത്തിന് ബലം നല്‍കുന്നതാണ് ഈ നടപടി. കണ്ടെയ്‌നര്‍ സന്തോഷിനെ മാപ്പ് സാക്ഷിയല്ലാതെയാക്കി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അണിയറനീക്കം.

ഉണ്ണിത്താന്‍ വധശ്രമക്കേസ് അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ആര് ശ്രമിച്ചാലും മരണംവരെ നിയമപോരാട്ടം നടത്തുമെന്ന ഉറച്ചനിലപാടിലാണ് ഉണ്ണിത്താന്‍.

2011 ഏപ്രില്‍ 16 നാണ് മാതൃഭൂമി കൊല്ലം യൂണിറ്റിനു കീഴില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്ന ഉണ്ണിത്താന് നേരെ ശാസ്താംകോട്ടയില്‍ വച്ച് വധശ്രമമുണ്ടായത്. ഗുണ്ടകളുടെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ ഒരു കാലിന്റെ ചലനശേഷിതന്നെ നഷ്ടമായിരുന്നു.

കൊല്ലം പോലീസ് ക്ലബുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വാര്‍ത്ത നല്‍കിയതാണ് പ്രതികാരത്തിന് കാരണമായതെന്നായിരുന്നു എ.എസ്.പി ജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സിബിഐ അന്വേഷണത്തില്‍ നേരത്തെ കണ്ടെത്തിയിരുന്നത്.

മാപ്പുസാക്ഷിയായ കണ്ടയ്‌നര്‍ സന്തോഷുമൊന്നിച്ച് ഡിവൈഎസ്പിമാരായ അബ്ദുള്‍ റഷീദും സന്തോഷ് നായരും ഗോവയില്‍ കറങ്ങുന്നതിന്റെ ഫോട്ടോയും ഇതിനിടെ പുറത്തായിരുന്നു.

സത്യസന്ധമായ വാര്‍ത്ത നല്‍കി സമൂഹത്തോടുള്ള ഉത്തരവാദിത്വം നിറവേറ്റിയ ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച കേസിലും ഗൂഢാലോചന കേസിലും ഏതെങ്കിലും പ്രതികളെ സിബിഐ രക്ഷപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായി രംഗത്തിറങ്ങാന്‍ പത്രപ്രവര്‍ത്തക സമൂഹവും തീരുമാനിച്ചിട്ടുണ്ട്. സിബിഐയുടെ അന്തിമ കുറ്റപത്രത്തിനായി കാത്തിരിക്കുകയാണവര്‍.

Top