ഈ ഗ്രാന്റ് മുടങ്ങി കിടക്കുന്ന വിഷയം; അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ രാധാകൃഷ്ണന് അലോഷ്യസ് സേവ്യര്‍ കത്തയച്ചു

തിരുവനന്തപുരം: ഈ ഗ്രാന്റ് മുടങ്ങിയത് മൂലം വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് മന്ത്രി കെ രാധാകൃഷ്ണന് കെഎസ്യു സംസ്ഥാന അദ്ധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ കത്തയച്ചു. ദളിത് ആദിവാസി ഉള്‍പ്പടെ പിന്നാക്ക വിഭാത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി വന്നിരുന്ന ഇഗ്രാന്റിന്റെയും സ്‌കോളര്‍ഷിപ്പുകളുടെയും വിതരണം ഒരു വര്‍ഷത്തിലേറെയായി മുടങ്ങി കിടക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നാക്ക ക്ഷേമ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് കത്ത് നല്‍കിയതായും അദ്ദേഹം അറിയിച്ചു.

സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട ട്യൂഷന്‍ഫീസ്, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ട അലവന്‍സുകള്‍, പരീക്ഷാഫീസ് എന്നിവയെല്ലാം ഒരു പാക്കേജ് പോലെ വര്‍ഷത്തില്‍ ഒരിക്കല്‍ ചെയ്യുമെന്നുമാണ് പറയുന്നത്. പക്ഷേ ഇതെല്ലാം ഒരു വര്‍ഷത്തിലേറെയായി മുടങ്ങി കിടക്കുന്നു. ഇതിന് ഒരു മോണിറ്ററിംഗ് സംവിധാനവും നിലവിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കെഎസ്യു ശക്തമായ സമരങ്ങള്‍ക്ക് തുടക്കം കുറിക്കും. യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെയുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും അലോഷ്യസ് സേവ്യര്‍ അറിയിച്ചു.

ഈ ഗ്രാന്റ്‌സ് സര്‍ക്കാരിന്റെ ഔദാര്യമല്ല, വിദ്യാര്‍ത്ഥികളുടെ അവകാശമാണെന്നും അവകാശങ്ങള്‍ പിന്‍വലിച്ച് വിദ്യാര്‍ത്ഥികളെ ആശ്രിതരാക്കാന്‍ ഒരുങ്ങുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍ വാങ്ങണമെന്നും അലോഷ്യസ് സേവ്യര്‍ ആവശ്യപ്പെട്ടു. ഇ-ഗ്രാന്റുകള്‍ വര്‍ഷത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കും എന്ന നിലയിലാണ് ഏറ്റവും അവസാനം ഇറക്കിയ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

Top