രാഹുല്‍ നായരെ അന്വേഷണം ഏല്‍പ്പിച്ചത് ഡി.ജി.പിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശം മറികടന്ന്

തിരുവനന്തപുരം: പോലീസ് നവീകരണത്തിന്റെ ഭാഗമായി ഇ-ബീറ്റ് സംവിധാനം വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതി വിവാദത്തില്‍ അന്വേഷണം കൈക്കൂലികേസില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍ ആര്‍ നായര്‍ക്ക് നല്‍കിയത് ഡി.ജി.പിയുടെയും ഹൈക്കോടതിയുടെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്.

അഴിമതിക്കേസിലും ക്രിമിനല്‍കേസുകളിലും പ്രതികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതലകള്‍ നല്‍കരുതെന്ന ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ മാര്‍ഗനിര്‍ദ്ദേശമാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്.

അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥര്‍ക്ക് അന്വേഷണ ചുമതല കൈമാറാതെ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയും നിര്‍ദ്ദേശിച്ചിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ എ.ഡി.ജി.പി ബി. സന്ധ്യ ലംഘിച്ചതാണ് പുതിയ വിവാദമാകുന്നത്.

പോലീസ് ആസ്ഥാനത്തെ ഇ-ബീറ്റ് സംവധാനം ഒരുക്കിയതിലെ ക്രമക്കേട് അന്വേഷിക്കാന്‍ പോലീസ് മോഡേണൈസേഷന്‍ എ.ഡി.ജി.പി ബി. സന്ധ്യക്കാണ് ഡി.ജി.പി ചുമതല നല്‍കിയത്. എന്നാല്‍ സന്ധ്യ തനിക്കു കീഴിലുള്ള അഴിമതിക്കേസില്‍ സസ്‌പെന്‍ഷനിലായ രാഹുല്‍. ആര്‍. നായര്‍ക്ക് അന്വേഷണ ചുമതല നല്‍കുകയായിരുന്നു.

പത്തനംതിട്ട എസ്.പിയായിരിക്കെ ക്വാറി ഉടമകളില്‍ നിന്നും 27 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രാഹുല്‍ നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു. രാഹുല്‍ കുറ്റക്കാരനാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐ.ജി മനോജ് എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്റലിജന്‍സ് മേധാവി ഹേമചന്ദ്രന്‍ നടത്തിയ വിശദമായ അന്വേഷണത്തിലും രാഹുല്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്‌പെന്‍ഷന്‍.

ഇതിനു പിന്നാലെ എ.ഡി.ജി.പി ശ്രീലേഖക്കും ഐ.ജി മനോജ് എബ്രഹാമിനുമെതിരെ രാഹുല്‍ നായര്‍ ആരോപണമുന്നയിച്ചിരുന്നു. ഇരുവരും ഇതു സംബന്ധിച്ച് ഡി.ജി.പിക്ക് പരാതിയും നല്‍കുകയുണ്ടായി.

ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വസ്തുതാവിരുദ്ധമായ മൊഴി നല്‍കി അത് മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയതിനെതിരെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് പ്രതിഷേധിച്ചിരുന്നു. ഇതുസംബന്ധമായി നിലവില്‍ രാഹുലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.

ഇതിനിടെയാണ് പോലീസ് ആസ്ഥാനത്തെ രഹസ്യഫയലിലെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതായ പരാതി ഐ.ജി മനോജ് എബ്രഹാം തന്നെ നേരിട്ട് ഡി.ജി.പിക്ക് നല്‍കിയത്.

ഇ-ബീറ്റ് സംഭവത്തില്‍ പോലീസ് ആസ്ഥാനത്തെ ഒന്നിലേറെ സമിതികള്‍ പരിശോധന നടത്തി നല്‍കിയ കരാറിന്റെ പേരില്‍ തന്നെ അപമാനിക്കാന്‍ ഗൂഡാലോചന നടക്കുന്നതായും ഇത് അന്വേഷിക്കണമെന്നുമാണ് ഐ.ജിയുടെ ആവശ്യം.

അഴിമതിക്കേസില്‍ ആരോപണ വിധേയനായ എസ്.പിക്കെതിരെ സത്യസന്ധമായ റിപ്പോര്‍ട്ട് നല്‍കിയ ഐ.ജിക്കെതിരെ നടത്തുന്ന ഗൂഡാലോചനയില്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ കടുത്ത അതൃപ്തിയിലാണ്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങല്‍ അടിച്ചമര്‍ത്താന്‍ എ.കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നിയോഗിച്ച സമര്‍ത്ഥനായ ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. രാഷ്ട്രീയം നോക്കാതെ നേതാക്കള്‍ക്കെതിരെ കേസെടുത്ത മനോജ് എബ്രഹാമാണ് കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് ഒരു പരിധിവരെ അറുതിവരുത്തിയത്.

മനോജ് എബ്രഹാം കണ്ണൂരിന്റെ ചുമതല ഒഴിഞ്ഞതോടെയാണ് പിന്നീട് കൊലപാതക പരമ്പരകള്‍ വീണ്ടും തുടങ്ങിയത്.

Top