ഇ പേപ്പര്‍ വാച്ചുമായി സോണി എത്തുന്നു

ഇ പേപ്പര്‍ സാങ്കേതികവിദ്യ കൊണ്ടുള്ള വാച്ചിന്റെ നിര്‍മാണത്തിലാണ് സോണി. ഫാഷന്‍ ഗാഡ്ജറ്റുകളുടെ ലോകമാണ് വരാനിരിക്കുന്നത് എന്ന വിലയിരുത്തലാണ് സോണിയുടെ നീക്കത്തിന് പിന്നില്‍. കുറഞ്ഞ കനത്തില്‍ അതിലളിതമായ ഡിസൈനിലാണ് സോണിയുടെ ഇ പേപ്പര്‍ വാച്ച് രൂപപ്പെടുത്തിയിരിക്കുന്നത്. യഥാര്‍ത്ഥ പേപ്പറിനോട് അടുത്ത് നില്‍ക്കുന്ന ഡിസൈനിലും കനത്തിലുമുള്ള ഇ പേപ്പര്‍ ഒരു വര്‍ഷം മുമ്പേ ജപ്പാന്‍ കമ്പനിയായ സോണി വിപണിയില്‍ എത്തിച്ചിരുന്നു.

മോണോക്രോം മിനിമല്‍ ഡിസൈനിലാണ് ഇ പേപ്പര്‍ വാച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപയോക്താവിന്റെ ഇഷ്ടപ്രകാരം പല ഡിസൈനുകളിലേക്ക് മാറ്റാനാകുമെന്നതാണ് ഈ വാച്ചിന്റെ പ്രത്യേകത. എഫ്ഇഎസ് എന്ന സോണി സ്റ്റാര്‍ട്ടപ്പ് ആണ് വാച്ച് നിര്‍മിക്കുന്നത്.

ഇ പേപ്പര്‍ ഉപയോഗിച്ചുള്ള ഫാഷന്‍ ഗാഡ്ജറ്റുകളുടെ നിര്‍മാണം വാച്ചുകളില്‍ മാത്രം ഒതുക്കി നിര്‍ത്താനല്ല എഫ്ഇഎസ് ഉദ്ദേശിക്കുന്നത്. ബോ ടൈ, കണ്ണടക്കാലുകള്‍, ചപ്പല്‍ സ്ട്രാപ്പുകള്‍ തുടങ്ങി വ്യത്യസ്ത തരത്തില്‍ ഗാഡ്ജറ്റുകള്‍ നിര്‍മിച്ച് പുതിയ തരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍.

ഓണ്‍ലൈന്‍ വഴിയുള്ള ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് സോണി സ്റ്റാര്‍ട്ടപ്പ് എഫ്ഇഎസ് ഉത്പന്നങ്ങള്‍ക്കായുള്ള ധനസമാഹരണം നടത്തിയത്. ക്രൗഡ് ഫണ്ടിങ് ആരംഭിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ തന്നെ എഫ്ഇഎസ് ലക്ഷ്യമിട്ടതിന്റെ ഇരട്ടിയോളം ഫണ്ടാണ് പൊതുജനങ്ങളില്‍ നിന്നു ലഭിച്ചത്.

Top