ഇസ്ലാമിക്‌ സ്റ്റേറ്റില്‍ ചേരുന്നവര്‍ക്ക് പ്രതിഫലം ഒന്നേകാല്‍ ലക്ഷംമുതല്‍ ആറര ലക്ഷം വരെ

ദമാസ്‌കസ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തിരഞ്ഞെടുക്കുന്നവര്‍ക്ക് ഇസ്ലാമിക്‌ സ്റ്റേറ്റ് പ്രതിഫലമായി നല്‍കുന്നത് ആറര ലക്ഷത്തോളം രൂപ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മിഷന്റെ പഠനവിഭാഗമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

സമൂഹമാധ്യമങ്ങളും അനൗപചാരിക വാര്‍ത്താവിനിമയ സംവിധാനങ്ങളുമാണ് സംഘടനയിലേക്ക് ആളെ ചേര്‍ക്കാന്‍ ഐ.എസ്. ഉപയോഗിക്കുന്നത്.

ബെല്‍ജിയത്തില്‍നിന്നാണ് സംഘടനയിലേക്ക് കൂടുതല്‍ പേര്‍ ചേരുന്നതെന്നും പഠനത്തിന് നേതൃത്വം നല്‍കിയ എലിസബത്ത് കര്‍സ്‌ക് പറഞ്ഞു.

സിറിയയിലും ഇറാഖിലുമായി അഞ്ഞൂറിലധികം ബെല്‍ജിയംകാരാണ് ഐ.എസില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. ഒന്നേകാല്‍ ലക്ഷംമുതല്‍ ആറര ലക്ഷംവരെയാണ് ഇവര്‍ക്ക് പ്രതിഫലമായി വാഗ്ദാനംചെയ്യുന്നത്.

കമ്പ്യൂട്ടര്‍ വിദഗ്ധര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കാണ് ഏറ്റവുംകൂടുതല്‍ പ്രതിഫലം. 2010ല്‍ ബെല്‍ജിയത്തിലെ തീവ്രവാദ സംഘടനയായ ‘ഷരിയ4 ബെല്‍ജിയ’മാണ് സിറിയയിലേക്ക് തീവ്രവാദികളെ തിരഞ്ഞെടുക്കുന്നതിന് തുടക്കംകുറിച്ചത്.

ബെല്‍ജിയത്തില്‍നിന്നുള്ള പെണ്‍കുട്ടികള്‍ ഐ.എസില്‍ ചേരാനും തീവ്രവാദികളെ വിവാഹം ചെയ്യാനും കൂടുതലായി താത്പര്യം പ്രകടിപ്പിക്കുന്നതായി കര്‍സ്‌ക പറഞ്ഞു. എന്നാല്‍ ഇതുസംബന്ധിച്ച് വ്യക്തമായ കണക്കുകളൊന്നും ലഭ്യമല്ല.

Top