ഇസ്ലാമിക് സ്റ്റേറ്റിന് പിന്തുണ: രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ നാട്ടിലേയ്ക്കയച്ചു

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന പേരില്‍ രണ്ട് കൊച്ചി സ്വദേശികളെ യു.എ.ഇ നാട്ടിലേയ്ക്കയച്ചു. ആശയ പ്രചാരണത്തിനൊപ്പം അനുകൂല രേഖകള്‍ ഷെയര്‍ ചെയ്തതിനുമാണ് ആഗസ്ത് 29ന് ഇവരെ ഇന്ത്യയിലേക്കയച്ചത്. സമാനമായ കുറ്റത്തിന് മറ്റു രാജ്യങ്ങളിലെ എട്ടുപേരെ കൂടി നാടുകടത്തിയിട്ടുണ്ട്.

എന്നാല്‍ ഇവരാരും ഐഎസില്‍ ചേരാന്‍ ഇറാഖിലേക്കോ സിറിയയിലേക്കോ പോയിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൊച്ചി സ്വദേശികളെ യു.എ.ഇയിലെ രഹസ്യാന്വേഷണ വിഭാഗം ചോദ്യം ചെയ്‌തെങ്കിലും ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. കൗണ്‍സിലിങ്ങിന് വിധേയരാക്കിയ ശേഷമാണ് കയറ്റി വിട്ടത്. എന്നാല്‍ ഇവരുടെ പേരോ മറ്റു വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.

ആഗസ്ത് ഒന്നിന് ന്യൂഡല്‍ഹിയില്‍ നടന്ന ഉന്നത തല യോഗത്തില്‍ ഐഎസിന്റെ ഭീഷണി നേരിടാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളാന്‍ ആഭ്യന്തര സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിനോട് അനുഭാവമുള്ള മലയാളികളില്‍ ഏറെയും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ആണെന്നാണ് വിവരം.

Top