ഇസ്രയേലിലുള്ള ഫെയ്‌സ്ബുക്ക് ഓഫീസ് പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു

Facebook

ടെല്‍ അവീവ്: ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിലുള്ള ഫെയ്‌സ്ബുക്ക് ഓഫീസ് പ്രതിഷേധക്കാര്‍ തല്ലി തകര്‍ത്തു. ജൂദന്മാര്‍ക്കെതിരെയും ഇസ്രയേല്‍ക്കാര്‍ക്ക് എതിരായ ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഫെയ്‌സ്ബുക്ക് പേജുകള്‍ നീക്കം ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധക്കാരുടെ ആക്രമണം.

നിങ്ങളുടെ കൈകളില്‍ ചോരയുണ്ട് എന്ന് തുടങ്ങിയ കുറ്റപ്പെടുത്തലുകള്‍ അക്രമികള്‍ ഫെയ്‌സ്ബുക്ക് ഓഫീസ് ചുവരുകളില്‍ സ്‌പ്രേ പെയിന്റുകൊണ്ട് എഴുതിയിട്ടുണ്ട്.

ഇസ്രയേലുകാരെ കൊല്ലാന്‍ പ്രേരണ നല്‍കുന്ന തരത്തിലുള്ള പേജുകള്‍ നീക്കം ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത ചിലര്‍ പിന്നീട് പ്രാദേശിക ടെലിവിഷന്‍ ചാനലുകളോട് പറഞ്ഞു. ട്രാഫിക്ക് നിലനിര്‍ത്താന്‍ പ്രയോജനപ്പെടും എന്നതിനാലാണ് കമ്പനി ഇത്തരത്തിലുള്ള ഹെയ്റ്റ് പെയ്ജുകള്‍ നിലനിര്‍ത്തുന്നതെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പ്രതിഷേധത്തില്‍ പങ്കെടുത്തവരില്‍ ഒരാളായ റോട്ടം ഗെസും ഫെയ്‌സ്ബുക്കും തമ്മില്‍ നേരത്തെ മുതല്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടായിരുന്നു.

റോട്ടം ഗെസ് നേരത്തെ തന്റെ പേര് ഔദ്യോഗികമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നാക്കിയിരുന്നു. പിന്നീട് ഫെയ്‌സ്ബുക്ക് ലൈക്കുകള്‍ വില്‍ക്കാനുള്ള സംവിധാനം ഒരുക്കിയതിന്റെ പേരില്‍ ഫെയ്‌സ്ബുക്ക് ഗെസിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

Top