ഇറാനിൽ ഭൂകമ്പം;  അഞ്ച് പേർ മരിച്ചു, 44 പേര്‍ക്ക് പരിക്ക്

ഇറാനില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയില്‍ വരെ അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 5 പേര്‍ മരിച്ചതായും 44 പേര്‍ക്ക് പരിക്കേറ്റതായി രാജ്യത്തെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ FARS റിപ്പോർട്ട് ചെയ്തു. ഭൂകമ്പത്തിന്‍റെ പ്രഭവ കേന്ദ്രമായ തെക്കന്‍ ഇറാനില്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ച് തവണയാണ് ഭൂചലനമുണ്ടായത്. 4.3 മുതല്‍ 6.3 വരെയായിരുന്നു ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഇവയില്‍ പുലര്‍ച്ചെ 1.32നും 3.24നും അനുഭവപ്പെട്ട രണ്ട് ഭൂചലനങ്ങള്‍ 6.3 തീവ്രതയുള്ളതായിരുന്നുവെന്ന് യുഎഇയുടെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) വെബ്‌സൈറ്റ് അനുസരിച്ച്, 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പ കേന്ദ്രവും തെക്കൻ തുറമുഖ നഗരവുമായ ബന്ദർ-ഇ ലെംഗെക്ക് സമീപം നാല് വ്യത്യസ്ത ഭൂകമ്പങ്ങൾ രേഖപ്പെടുത്തിയതായാണ് വിവരം. അതേസമയം യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്‍റര്‍ 6.2 തീവ്രതയുള്ള ഭൂചലനവും പ്രദേശത്ത് രേഖപ്പെടുത്തി.

Top