ഇറാഖ്, ഷിയാ സൈന്യങ്ങള്‍ തിക്രീത്ത്‌ നഗരം വളഞ്ഞു

ബഗ്ദാദ്: ഇറാഖിലെ തന്ത്രപ്രധാനമായ തിക്രീത്ത്‌ നഗരത്തില്‍ തമ്പടിച്ചിരിക്കുന്ന ഇസില്‍ തീവ്രവാദികളെ ഇറാഖ് സൈന്യവും ഷിയാ പോരാളികളും വളഞ്ഞതായി ഇറാഖ് പ്രതിരോധ മന്ത്രി.

ഇറാഖ് സൈന്യത്തിന് പിന്തുണയേകി ഇരുപതിനായിരത്തിലധികം ഷിയാ അംഗങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്. സദ്ദാം ഹുസൈന്റെ ജന്മനഗരമായ തിക്രീത്ത്‌ ഇസില്‍ തീവ്രവാദികളുടെ കരങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നതിന് വേണ്ടി ആഴ്ചകളായി സൈന്യം പോരാട്ടത്തിലേര്‍പ്പെട്ടിരിക്കുകയാണ്. തിക്രീത്ത്‌ ഉള്‍പ്പെടെയുള്ള നിരവധി സുന്നി നഗരങ്ങള്‍ കഴിഞ്ഞ വര്‍ഷത്തെ അധിനിവേശത്തിനിടെ ഇസില്‍ തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരുന്നു.

ആത്യന്തിക ആക്രമണം അഴിച്ചുവിടാതെ സാവധാനമാണ് സൈന്യം മുന്നേറ്റം നടത്തുന്നതെന്നും പരമാവധി നാശനഷ്ടങ്ങള്‍ കുറക്കുകയാണ് ഈ നീക്കത്തിലുടെ ഉദ്ദേശിക്കുന്നതെന്നും ഇറാഖ് പ്രതിരോധ മന്ത്രി ഖാലിദ് അല്‍ഉബൈദി പറഞ്ഞു.

ഏറ്റവും അനുയോജ്യമായ സമയം എത്തുമ്പോള്‍ സൈന്യം നഗരത്തിലെ ഇസില്‍ കേന്ദ്രങ്ങള്‍ക്ക് നേരെ ദ്രുതഗതിയില്‍ മുന്നേറ്റം നടത്തും. അല്ലാത്ത രീതിയിലുള്ള ആക്രമണം ഇവിടെയുള്ള നിരവധി സാധാരണക്കാരെ ബാധിക്കും. ഇസില്‍ തീവ്രവാദികളെ ഇപ്പോള്‍ നഗരത്തിനുള്ളില്‍ കുടുക്കിയിരിക്കുകയാണ്. അവരുടെ സഞ്ചാരവഴികള്‍ ചുരുങ്ങുകയും ചെയ്തിട്ടുണ്ട്. സാധാരണക്കാര്‍ക്ക് നാശനഷ്ടങ്ങള്‍ വരുത്താതെയായിരിക്കും ഇനിയുള്ള സൈന്യത്തിന്റെ മുന്നേറ്റമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസിലിനെതിരെ ഇറാഖ് സൈന്യത്തിന് പിന്തുണയേകി പല ഘട്ടങ്ങളിലും യു എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്തുണയുണ്ടായിരുന്നു. എന്നാല്‍ തിക്രീത്ത്‌ പിടിച്ചെടുക്കാനുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമങ്ങളില്‍ യു എസ് പങ്കെടുക്കുന്നില്ല. ഇതാദ്യമായാണ് ഇസിലിന്റെ ശക്തികേന്ദ്രത്തിന് നേരെ ഇറാഖ് സൈന്യവും ഷിയാ സൈന്യവും തനിച്ച് പോരാട്ടം നടത്തുന്നത്. എന്നാല്‍ അമേരിക്കയുടെ സഹായം ഈ വിഷയത്തില്‍ ആവശ്യപ്പെടണമെന്ന നിലപാടുള്ളവരാണ് ഷിയാക്കള്‍. ഒറ്റക്ക് മുന്നേറാനുള്ള ഇറാഖ് സൈന്യത്തിന്റെ ശ്രമങ്ങളെ അവര്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച് ഇരുവിഭാഗത്തിനും ഇടയില്‍ തര്‍ക്കം നിലനില്‍ക്കുന്നതായും രണ്ട് ഗ്രൂപ്പുകളും ഇതിന്റെ പേരില്‍ വിഭജിക്കപ്പെടാനുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

Top