രഹസ്യവിവരങ്ങള്‍ തെറ്റായിരുന്നു; ഇറാഖ് യുദ്ധത്തിന് മാപ്പ് പറഞ്ഞ്‌ ടോണി ബ്ലെയര്‍

ബ്രിട്ടണ്‍: ഇറാഖ് യുദ്ധത്തിന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഒടുവില്‍ മാപ്പ് പറഞ്ഞു. ഇറാഖില്‍ നടന്ന അധിനിവേശമാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ ഉദയത്തിന് വഴിവെച്ചതെന്നും അതിനാല്‍ ഇന്നത്തെ ഐഎസ് വളര്‍ച്ചയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞു മാറാനാവില്ലെന്നും ടോണി ബ്ലെയര്‍ പറഞ്ഞു.

കഴിഞ്ഞ 12 വര്‍ഷമായി ഇറാഖ് യുദ്ധത്തിന് മാപ്പ് പറയാന്‍ വിസ്സമ്മതിച്ചിരുന്ന ബ്ലെയര്‍ ഇപ്പോള്‍ സിഎന്‍എന്‍ ചാനലിലെ ഫരീദ് സഖറിയയുടെ അഭിമുഖത്തിലാണ് മാപ്പ് പറഞ്ഞിരിക്കുന്നത്.

‘രഹസ്യവിവരങ്ങള്‍ തെറ്റായിരുന്നു എന്ന കാര്യത്തിന് ഞാന്‍ മാപ്പ് ചോദിക്കുന്നു. ആസൂത്രണം ചെയ്യുന്നതില്‍ സംഭവിച്ച പാകപിഴകള്‍ക്ക് മാപ്പ് ചോദിക്കുന്നു. പിന്നെ, ഒരു ഭരണകൂടത്തെ പിഴുത് എറിയുമ്പോള്‍ എന്ത് സംഭവിക്കുമെന്ന് മനസ്സിലാക്കാന്‍ കഴിയാതെ പോയതിനും ഞാന്‍ മാപ്പ് ചോദിക്കുന്നു. പക്ഷെ, സദ്ദാമിനെ നീക്കിയതില്‍ മാപ്പ് ചോദിക്കാന്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്.’ ടോണി ബ്ലെയര്‍ പറഞ്ഞു.

ഇറാഖ് അധിനിവേശം ഇസ്ലാമിക് സ്റ്റേറ്റിന്റെ ഉദയത്തിന് വഴിവെച്ചില്ലെ എന്ന ഫരീദിന്റെ ചോദ്യത്തിന് അതില്‍ സത്യത്തിന്റെ അംശമുണ്ടെന്നാണ് ഞാന്‍ കരുതുന്നത് എന്നായിരുന്നു ടോണി ബ്ലെയറുടെ മറുപടി. 2003ല്‍ സദ്ദാമിനെ സ്ഥാനഭൃഷ്ടനാക്കിയവര്‍ക്ക് 2015ലെ സംഭവങ്ങളില്‍ ഉത്തരവാദിത്തമില്ലാ എന്ന് പറയാന്‍ കഴിയില്ലെന്നും ടോണി ബ്ലെയര്‍ കൂട്ടിച്ചേര്‍ത്തു.

കൃത്യസമയത്താണ് ടോണി ബ്ലെയര്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഉദയത്തിനുള്ള കാരണം തങ്ങളുടെ പ്രവര്‍ത്തികളാണെന്ന കുറ്റസമ്മതം നടത്തിയതെന്ന് ബ്രിട്ടീഷ് പത്രമായ ടെലഗ്രാഫ് നിരീക്ഷിക്കുന്നു. മുന്‍പ് 2004ലും 2007ലും യുദ്ധമുണ്ടായതിന് മാപ്പ് പറയില്ലെന്ന് ടോണി ബ്ലെയര്‍ പറഞ്ഞിരുന്ന കാര്യവും ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇറാഖില്‍ യുദ്ധം ആരംഭിക്കുന്നതിന് ഒരു വര്‍ഷം മുന്‍പെ യുദ്ധം ആരംഭിക്കാന്‍ ടോണി ബ്ലെയര്‍ അനുമതി നല്‍കിയിരുന്നുവെന്ന് തെളിയിക്കുന്ന രേഖകള്‍ ടെലിഗ്രാഫ് പത്രം നേരത്തെ പുറത്തുവിട്ടിരുന്നു.

സദ്ദാം ഹുസൈനെ ഭരണാധിപ സ്ഥാനത്ത്‌നിന്ന് പുറത്താക്കി കഴിയുമ്പോള്‍ രാജ്യത്തുണ്ടാകാന്‍ സാധ്യതയുള്ള അസ്ഥിരതയെ എങ്ങനെ നേരിടുമെന്നതിന്റെ ആശങ്ക മുന്‍ ലേബര്‍ ആഭ്യന്തരസെക്രട്ടറി ഡേവിഡ് ബ്ലന്‍കറ്റ് ടോണി ബ്ലെയറുമായി പങ്കുവെച്ചിരുന്നതായും പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആശങ്ക പിന്നീട് മുന്നറിയിപ്പായി അറിയിച്ചെങ്കിലും ബ്ലെയര്‍ അതൊന്നും മുഖവിലയ്ക്ക് എടുത്തിരുന്നില്ല.

ലിബിയയിലെ ഗദ്ദാഫിക്ക് വേണ്ടി സംസാരിക്കുന്നതിനായി ടോണി ബ്ലെയര്‍ വൈറ്റ് ഹൗസിലെത്തി ജോര്‍ജ് ബുഷുമായി രഹസ്യസംഭാഷണം നടത്തിയിരുന്നതായും ഡെയിലി മെയില്‍ ഉള്‍പ്പെടെയുള്ള പത്രങ്ങളില്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരുന്നു. ബുഷും ഗദ്ദാഫിയും തമ്മില്‍ നടത്തിയ ചര്‍ച്ചകളില്‍ ഇടനിലക്കാരന്റെ റോളിലായിരുന്നു ബ്ലെയര്‍.

Top