ഇന്‍കംടാക്‌സ്,എന്‍ഫോഴ്‌സ്‌മെന്റ്,കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ സിബിഐ നിരീക്ഷണത്തില്‍

കൊച്ചി: കൈക്കൂലി കേസില്‍ ഇന്‍കം ടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തന്നെ സിബിഐ വലയില്‍ കുടുങ്ങിയതോടെ സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മേല്‍ സിബിഐ നിരീക്ഷണം ശക്തമാക്കി.

ഇന്‍കംടാക്‌സ് ഓഫീസര്‍മാര്‍ക്ക് പുറമെ എന്‍ഫോഴ്‌സ്‌മെന്റിലെയും സിബിഇസി(സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്) ഉള്‍പ്പെടെയുള്ള പ്രധാന വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥരുടെ സ്വത്തുക്കളെക്കുറിച്ചും അവര്‍ അന്വേഷിക്കുന്ന കേസുകള്‍ സംബന്ധിച്ചുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്.

ഏറ്റുമാനൂരിലെ പവ്വത്ത് ജ്വല്ലറി ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മിടിയും ഇന്‍സ്‌പെക്ടര്‍ ശരത്തും അറസ്റ്റിലായത് എന്നതിനാല്‍ മറ്റ് ഉദ്യോഗസ്ഥരുടെ നടപടികളും ഗൗരവമായാണ് സിബിഐ നിരീക്ഷിക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ചീഫ് ഇന്‍കംടാക്‌സ് കമ്മീഷണര്‍ അനില്‍ ഗോയലിനെതിരെ സി.ബി.ഐ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അനില്‍ ഗോയലിന്റെ മുംബൈയിലേയും ഡല്‍ഹിയിലേയും വീടുകളില്‍ റെയ്ഡ് നടത്തിയ സിബിഐ 30 കോടി രൂപയുടെ അനധികൃത സമ്പാദ്യത്തിന്റെ രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്.

പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അറസ്റ്റിലായ ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ ശൈലേന്ദ്ര മമ്മടി, ഓഫിസര്‍ ശരത് എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് അനില്‍ ഗോയലിന് ഇവരുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞത്.

ഈ പണം അനില്‍ ഗോയലിന് നല്‍കാനായിരുന്നുവെന്നാണ് അറസ്റ്റിലായവരുടെ മൊഴി. ഇതിനു പിന്നാലെയാണ് റെയ്ഡ് ആരംഭിച്ചത്.

നികുതി കുടിശിക ഇളവു ചെയ്യുന്നതിനായി പത്ത് ലക്ഷം രൂപ കൈക്കൂലി ജ്വല്ലറി ഉടമയില്‍നിന്നും വാങ്ങാന്‍ ശ്രമിച്ചെങ്കില്‍ ഇത്തരം സംഭവങ്ങള്‍ നിരവധി നടന്നിട്ടുണ്ടാകാമെന്ന നിഗമനത്തിലാണ് സിബിഐ അധികൃതര്‍.

രഹസ്യവിവരങ്ങളെ തുടര്‍ന്നും മറ്റും നടക്കുന്ന ഇന്‍കംടാക്‌സ് റെയ്ഡുകളില്‍ പിടിച്ചെടുക്കുന്ന രേഖകളും പണവും കണക്കാക്കി എത്ര രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന കാര്യങ്ങളും സിബിഐ സംഘം പരിശോധിക്കുന്നുണ്ട്.

കള്ളപ്പണവേട്ടയും സ്വര്‍ണ്ണക്കള്ളക്കടത്തുമെല്ലാം പിടിക്കാന്‍ നിയോഗിക്കപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ്, സെന്‍ട്രല്‍ എക്‌സൈസ് വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ സിബിഐ നിരീക്ഷിക്കുന്നുണ്ട്.

ഇടനിലക്കാര്‍ വഴി വലിയ രൂപത്തിലുള്ള ഇടപെടലുകള്‍ ഈ അന്വേഷണ വിഭാഗങ്ങളില്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തുന്നുണ്ടെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നതാണ്.

പലയിടത്തും ചില ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരാണ് ഇടനിലക്കാരായി പ്രവര്‍ത്തിക്കാറുള്ളതെന്നാണ് പറയപ്പെടുന്നത്.

കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധമായി നടപടി സ്വീകരിക്കേണ്ടത് സിബിഐ ആണെങ്കിലും പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തസ്തികയിലുള്ള ഉന്നത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് സംസ്ഥാനത്തെ ആദ്യസംഭവമാണ്.

സിബിഐയുടെ അപ്രതീക്ഷിത നടപടി ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ്, സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

സിബിഐയില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് പേഴ്‌സണല്‍ മന്ത്രാലയം കര്‍ക്കശ നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ സിബിഐ വലയില്‍ കുടുങ്ങിയവര്‍ക്ക് രക്ഷപ്പെടല്‍ എളുപ്പവുമല്ല.

സ്വര്‍ണ്ണക്കള്ളക്കടത്ത്, കള്ളപ്പണം എന്നിവ സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിരീക്ഷണമേര്‍പ്പെടുത്താന്‍ സിബിഐ ചെന്നൈ സോണല്‍ ജോ. ഡയറക്ടറേറ്റ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പണം നല്‍കി ഒത്തുതീര്‍പ്പാക്കിയവര്‍ പരാതിയുമായി രംഗത്ത് വരാന്‍ സാധ്യത കുറവായതിനാല്‍ ഇതിനകം ബന്ധപ്പെട്ട അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡുകളും മറ്റും പരിശോധിച്ച് ഇടപെടലുകള്‍ കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്.

Top