ഇന്റര്‍നെറ്റിനെ സ്വതന്ത്രമാക്കാന്‍ ട്രായിക്ക് ഉപഭോക്താക്കള്‍ ലക്ഷം ഇ മെയില്‍ അയച്ചു

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് മെസേജ് സര്‍വിസുകള്‍ക്ക് പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ നീക്കത്തിനെതിരെ ടെലികോം റെഗുലേഷന്‍ അതോറിറ്റിക്ക് (ട്രായ്) ഉപഭോക്താക്കള്‍ ലക്ഷം ഇമെയിലുകള്‍ അയച്ച് പ്രതിഷേധം രേഖപ്പെടുത്തി.

ഇന്റര്‍നെറ്റിനെ സ്വതന്ത്രമാക്കണമെന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് രാജ്യത്തിന്റെ നാനാഭാഗത്തുള്ളവര്‍ ട്രായിക്ക് ഇമെയിലുകള്‍ അയച്ചത്.

ടെലികോം കമ്പനികളുടെ ശുപാര്‍ശയില്‍ ഫേസ്ബുക്, വാട്‌സ് ആപ്, യുട്യൂബ് തുടങ്ങിയ എല്ലാ ഇന്റനെറ്റ് മെസേജ് സര്‍വിസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ട്രായ് നടപടി ആരംഭിച്ചിരുന്നു.

ഇതിന്റെ ഭാഗമായി ഉപഭോക്താക്കളുടെ അഭിപ്രായം ആരായാന്‍ ട്രായ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് മെയിലുകള്‍ പ്രവഹിക്കാന്‍ തുടങ്ങിയത്.

ഇന്റര്‍നെറ്റ് സര്‍വിസുകള്‍, മൊബൈല്‍ ഫോണ്‍ മെസേജ് സര്‍വിസുകള്‍ നല്‍കിയിരുന്ന ടെലികോം കമ്പനികള്‍ക്ക് തിരിച്ചടിയായെന്ന കണ്ടത്തെലിനെ തുടര്‍ന്നാണ് ഇത്തരം കമ്പനികള്‍ ട്രായിയെ സമീപിക്കുന്നത്. തുടര്‍ന്ന് ഇന്റര്‍നെറ്റ് സര്‍വിസുകള്‍ക്ക് പണം ഈടാക്കാനുള്ള നടപടികളും ട്രായ് ആരംഭിച്ചിരുന്നു.

എന്നാല്‍, ഒരു ഉപഭോക്താവിന് ഇന്റര്‍നെറ്റ് സര്‍വിസ് നല്‍കിയാല്‍ അത് ഏത് രീതിയില്‍ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം അയാളുടേതാണെന്നും അതില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള തീരുമാനം വിവേചനമാണെന്നുമാണ് ആക്ഷേപം.

അമേരിക്ക, നെതര്‍ലന്‍ഡ്, ചിലി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇന്റര്‍നെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് ജനുവരിയില്‍ ഒരു കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മേയ് രണ്ടാംവാരത്തോടെ കമ്മിറ്റി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ടെലികോം മന്ത്രാലയത്തിന് സമര്‍പ്പിക്കും.

Top