ഇന്ത്യ വളരെ വേഗം വളരുന്ന ‘ഹിന്ദു സൗദി’യെന്ന് എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍

ന്യൂഡല്‍ഹി: ഇന്ത്യ വളരെ വേഗം വളരുന്ന ‘ഹിന്ദു സൗദി’യായി മാറുകയാണെന്ന് ബംഗ്ലദേശി എഴുത്തുകാരി തസ്‌ലിമ നസ്‌റിന്‍. മുംബൈയില്‍ പാക്ക് ഗസല്‍ ഗായകന്‍ ഗുലാം അലി നടത്താനിരുന്ന സംഗീതപരിപാടി റദ്ദാക്കിയതില്‍ പ്രതിഷേധങ്ങള്‍ക്കിടെയാണ് തസ്ലിമയുടെ ട്വീറ്റ്.

ഒരു ഗായകനും ജിഹാദിയും തമ്മിലുള്ള വ്യത്യാസമെന്താണെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കണമെന്നും തസ്‌ലിമ ട്വിറ്ററില്‍ കുറിച്ചു.

തീവ്രവാദവും അതിര്‍ത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്‌കാരിക സഹകരണം അനുവദിക്കില്ലെന്നും സംഗീതപരിപാടി തടയുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുംബൈയില്‍ നടത്താനിരുന്ന പരിപാടി റദ്ദാക്കിയത്.

എന്നാല്‍ പരിപാടി നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ ഗുലാം അലി ക്ഷണിച്ചിട്ടുണ്ട്. സംഗീതത്തിന് അതിര്‍ത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡല്‍ഹിയില്‍ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്. ഡല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.

Top