ഇന്ത്യ ലങ്കയെ തരിപ്പണമാക്കി

കട്ടക്ക്: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ഇന്ത്യക്ക് 169 റണ്‍സിന്റെ ഉജ്ജ്വല ജയം. ബാറ്റിങിലും ബൗളിങിലും ഒരു പോലെ മികവ് പുലര്‍ത്തിയാണ് ലങ്കയ്‌ക്കെതിരേ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണര്‍മാരായ അജിന്‍ക്യ രഹാനെയുടെയും (111) ശിഖര്‍ ധവാന്റെയും (113) തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റിന് 363 റണ്‍സ് അടിച്ചുകൂട്ടി.

ഇരുവര്‍ക്കും പുറമേ തന്റെ 200ാം ഏകദിന മല്‍സരത്തിനിറങ്ങിയ സുരേഷ് റെയ്‌നയും (52) അര്‍ധസെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തിളങ്ങി. 107 പന്തില്‍ 14 ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടുന്നതാണ് ധവാന്റെ ഇന്നിങ്‌സ്. 108 പന്ത് നേരിട്ട രഹാനെയുടെ ഇന്നിങ്‌സില്‍ 13 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെട്ടിരുന്നു. 34 പന്തില്‍ നാല് ബൗണ്ടറിയും മൂന്നു സിക്‌സറും ഉള്‍പ്പെടുന്നതാണ് റെയ്‌നയുടെ ഇന്നിങ്‌സ്.

മറുപടിയില്‍ ഇശാന്ത് ശര്‍മ നാലു വിക്കറ്റ് വീഴ്ത്തി തിളങ്ങിയപ്പോള്‍ ലങ്കന്‍ പോരാട്ടം 39.2 ഓവറില്‍ 194 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഉമേഷ് യാദവ്, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി ഇശാന്തിന് മികച്ച പിന്തുണ നല്‍കി. 43 റണ്‍സെടുത്ത മഹേല ജയവര്‍ധനെയാണ് ലങ്കന്‍ ടോപ്‌സ്‌കോറര്‍. രഹാനെയാണ് മാന്‍ ഓഫ് ദി മാച്ച്.

Top