ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന് ഹര്‍ദിക് പട്ടേലിന്റെ ഭീഷണി

രാജ്‌കോട്ട്: നാളെ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം തടയുമെന്ന് ഹര്‍ദിക് പട്ടേലിന്റെ ഭീഷണി. സ്‌റ്റേഡിയം തന്റെ ആള്‍ക്കാര്‍ വളയുമെന്ന് പട്ടേല്‍ പറഞ്ഞു. സംവരണ സമരത്തിലേക്ക് ജനശ്രദ്ധ തിരിച്ചുകൊണ്ടുവരാനാണ് ഹാര്‍ദികിന്റെ പുതീയനീക്കം

പട്ടേല്‍ സമുദായക്കാര്‍ക്ക് മല്‍സരം കാണാനുള്ള ടിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് മത്സരം തടയാനുള്ള തീരുമാനം എടുത്തതെന്നാണ് ഹാര്‍ദിക്ക് പറയുന്നത്. എല്ലാ ടിക്കറ്റുകളും വിറ്റഴിഞ്ഞുവെന്ന സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ ന്യായീകരണം പച്ചക്കള്ളമാണെന്നും ഹാര്‍തിക് കുറ്റപ്പെടുത്തുന്നു.

രാജ്‌കോട്ട് സ്‌റ്റേഡിയത്തിലേക്ക് ഇരു ടീമംഗങ്ങളും പ്രവേശിക്കുന്ന വഴി തടയുമെന്നും സ്‌റ്റേഡിയം തന്റെ ആള്‍ക്കാര്‍ വളയുമെന്നും പട്ടേല്‍ പറഞ്ഞു. മല്‍സരം നടക്കുന്ന സ്‌റ്റേഡിയത്തെ പ്രക്ഷോഭ വേദിയാക്കി മാറ്റരുതെന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ അവര്‍ തന്നെ ക്രിക്കറ്റ് മല്‍സരത്തിലും രാഷ്ട്രീയം കളിക്കുകയാണെന്നും ഹര്‍ദിക് പട്ടേല്‍ കുറ്റപ്പെടുത്തി.

ഹാര്‍ദിക് ഉയര്‍ത്തിയ വെല്ലുവിളിയെ ചെറുക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. 2000 പൊലീസുകാര്‍ സ്‌റ്റേഡിയത്തിന് കനത്ത സുരക്ഷയൊരുക്കും. കളികാണാനെത്തുന്നവരെ നിരീക്ഷിക്കാന്‍ 90 സിസിടിവകളും മൂന്ന് ഹൈലിക്യാമുകളും സ്ഥാപിക്കും.

പട്ടേല്‍ വിഭാഗക്കാര്‍ക്ക് ഒബിസി സംവരണം വേണമെന്ന് ആവശ്യപ്പെട്ട് ലക്ഷങ്ങളെ അണിനിരത്തി പ്രക്ഷോഭം നയിച്ചാണ് ഹര്‍ദിക് പട്ടേല്‍ ജനശ്രദ്ധ നേടിയത്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് ഈ 22കാരന്റെ പുതീയ നീക്കം

Top