ഇന്ത്യ- കാനഡ ആണവ സഹകരണം ധാരണയായി

ഒട്ടാവ: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി കാനഡയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യാ-കാനഡ ആണവ കരാറില്‍ ഒപ്പുവച്ചു. ഇതോടെ ആണവ സഹകരണം അടക്കം 13 കരാറുകളിലാണ് ഇന്ത്യ കാനഡയുമായി ധാരണയിലെത്തിയിരിക്കുന്നത്.

36 വര്‍ഷങ്ങള്‍ നീണ്ട ഉപരോധം അവസാനിപ്പിച്ചാണ് ഇന്ത്യയുമായി കാനഡ ആണവസഹകരണത്തിന് തുടക്കമിട്ടത്. ഇന്ത്യയുടെ സൈനികേതര ആണവ പദ്ധതികള്‍ക്കായി അടുത്ത അഞ്ച് വര്‍ഷത്തേക്ക് കാനഡയില്‍ നിന്ന് യൂറേനിയം ലഭ്യമാകും. കനേഡിയന്‍ ഉത്പാദകരായ കെയിംകോ കോര്‍പറേഷനാണ് യുറേനിയം നല്‍കുന്നത്.

ഇരു രാജ്യങ്ങളുടെയും ആഗോള താല്‍പര്യങ്ങള്‍ക്ക് ഉറപ്പ് നല്‍കാന്‍ ഉഭയകക്ഷി ബന്ധം അനിവാര്യമാണെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പറും അഭിപ്രായപ്പെട്ടു.

Top