ഇന്ത്യ-ആഫ്രിക്ക ഉച്ചകോടി;ലക്ഷ്യം വ്യാപാര നയതന്ത്രം,കനത്ത സുരക്ഷയില്‍ ഡല്‍ഹി

ന്യൂഡല്‍ഹി: ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് ഡല്‍ഹിയില്‍ ഇന്ന് തുടക്കം. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ഉച്ചകോടിയിലൂടെ അന്‍പതിലധികം ആഫ്രിക്കന്‍ രാജ്യങ്ങളുമായുള്ള വ്യാപാര നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

കൂടാതെ ഭീകരവാദവും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വര്‍ധിച്ചു വരുന്ന ക്രമസമാധാന പ്രശ്‌നവും ചര്‍ച്ചാ വിഷയമാകും. വിദ്യാഭ്യാസ സാങ്കേതിക മേഖലയിലെ സഹകരണവും വിപുലമാക്കും

ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, സിംബാബ്വെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ, നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി തുടങ്ങി 54 ആഫ്രിക്കന്‍ രാജ്യങ്ങളുടെ തലവന്‍മാരാണ് ഇന്ത്യ ആഫ്രിക്ക ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.

ആഫ്രിക്കന്‍ രാഷ്ട്രത്തലവന്‍മാര്‍ക്കു പുറമെ, ഐക്യഅറബ് നാടുകള്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിലെ ആഫ്രിക്ക കോഓര്‍ഡിനേറ്ററും യുഎന്നിന്റെ എച്ച്‌ഐവി എയ്ഡ്‌സ് പ്രതിരോധ പദ്ധതിയുടെ തലവനും ആഫ്രിക്കാ വികസനബാങ്കിന്റെ പ്രസിഡന്റും പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിലുണ്ട്.

ഇതിനു മുമ്പ് 2008ലും 2011ലുമാണ് യഥാക്രമം ന്യൂഡല്‍ഹിയിലും എത്യോപ്യന്‍ തലസ്ഥാനമായ അഡിസ് അബാബയിലും ഇന്ത്യആഫ്രിക്ക ഫോറം ഉച്ചകോടി സമ്മേളിച്ചത്.

ഇന്ത്യ-ആഫ്രിക്ക ഉച്ചകോടിക്കു മുന്നോടിയായി രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. ഡല്‍ഹി പോലീസ് സംഘത്തിലെ നാലില്‍ ഒന്ന് അംഗങ്ങളെയും സമ്മേളന സുരക്ഷയ്ക്കായി നിയോഗിച്ചു.

ട്രാഫിക് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ വിവിധ മുന്‍കരുതലുകള്‍ എടുത്തിട്ടുണെ്ടന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ നിരത്തുകള്‍ സ്തംഭിക്കാനിടയുണെ്ടന്നാണ് വിലയിരുത്തല്‍. 300 സിസിടിവി കാമറകള്‍ സുരക്ഷയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്.

Top