ഇന്ത്യാ-ബംഗ്ലാദേശ് അതിര്‍ത്തി കരാര്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും

ബിഹാര്‍ : ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പുനര്‍നിര്‍ണയ കരാര്‍ പ്രകാരം നടക്കുന്ന പ്രദേശങ്ങളുടെ കൈമാറ്റം ഇന്ന് നിലവില്‍ വരും. ഇരുരാജ്യങ്ങള്‍ക്കുമകത്തെ 162 പ്രദേശങ്ങള്‍ കൈമാറ്റം ചെയ്യുന്നതിന് അംഗീകാരം നല്‍കുന്ന 1974ലെ ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി കരാറാണ് ഇന്ന് നിലവില്‍ വരുന്നത്.

ഇന്ത്യയുടെ ഭാഗമായിരിക്കെ ബംഗ്ലാദേശ് അതിര്‍ത്തിയിലായിരിക്കുകയും ബംഗ്ലാദേശിന്റെ ഭാഗമായിരിക്കെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ ആയിരിക്കുകയും ചെയ്യുന്ന പ്രദേശങ്ങളാണ് കൈമാറുന്നത്. കൈമാറ്റം നടക്കുന്നതോടെ ഗ്രാമങ്ങള്‍ക്ക് അതാത് രാജ്യത്തിന്റെ പൊതുഭരണസംവിധാനത്തിന്റെ കീഴില്‍ വരാന്‍ സാധിക്കും. ഇതോടെ വെള്ളിയാഴ്ട അര്‍ധരാത്രി മുതല്‍ പുതിയ 14, 000 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനയും ജൂണിലാണ് പ്രദേശങ്ങള്‍ കൈമാറാനുള്ള കരാര്‍ ഒപ്പുവെച്ചത്. പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിലായിരുന്നു കരാര്‍ ഒപ്പിട്ടത്. കരാറിന് അംഗീകാരം നല്‍കിക്കൊണ്ടുള്ള ബില്‍ മെയ് മാസത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു. 111 അതിര്‍ത്തി പ്രദേശങ്ങള്‍ ഇന്ത്യ ബംഗ്‌ളദേശിന് കൈമാറും. 51 എണ്ണം ഇന്ത്യക്ക് സ്വന്തമാകും. ഇന്ത്യക്ക് 500 ഏക്കര്‍ പ്രദേശം കൂടുതലായി ലഭിക്കുമ്പോള്‍ ബംഗ്ലാദേശിന് 10,000 ഏക്കര്‍ ലഭിക്കും.

കരാറിന് അംഗീകാരം ലഭിക്കുന്നതോടെ ഈ പ്രദേശങ്ങളില്‍ താമസിക്കുന്ന 50,000ത്തോളം പേര്‍ക്ക് സ്വന്തം രാഷ്ട്രം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. കരാര്‍ 4,096 കിലോമീറ്റര്‍ നീളത്തിലുള്ള അതിര്‍ത്തി പുനര്‍നിര്‍ണയിക്കുന്നതിനും വഴിയൊരുക്കുന്നു. അസം, പശ്ചിമബംഗാള്‍, ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയാണ് പുനര്‍നിര്‍ണയിക്കപ്പെടുക.

Top