ആര്‍.എസ്.എസും വി.എച്ച്.പിയും മത പരിവര്‍ത്തനം തുടരുന്നു; മോഡി മൗനത്തില്‍

ഭോപ്പാല്‍: ആര്‍.എസ്.എസും വി.എച്ച്.പിയും മതപരിവര്‍ത്തനം തുടരുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി മൗനം പാലിക്കുന്നു.

ഇന്ത്യയെ ഹൈന്ദവ രാഷ്ട്രമാക്കി മാറ്റുമെന്ന് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് പറഞ്ഞതിന്റെ തൊട്ടു പിന്നാലെ ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കൂട്ടുമെന്ന് വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയയും പറഞ്ഞിരിക്കുകയാണ്. ഹൈന്ദവ രാഷ്ട്രമെന്നത് വി.എച്ച്.പിക്ക് വിശുദ്ധകാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ 100 ശതമാനവും ഹിന്ദുക്കളാക്കുകയാണ് ലക്ഷ്യം. നിലവില്‍ 82 ശതമാനം ഹിന്ദുക്കളാണ് ഇന്ത്യയിലുള്ളത്. ഇത് കുറയാന്‍ അനുവദിക്കില്ല. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നത് സഹിക്കാന്‍ പറ്റില്ലെന്നും പ്രവീണ്‍ തൊഗാഡിയ പറഞ്ഞു.

അതേസമയം, നിര്‍ബന്ധിത മതപരിവര്‍ത്തന വിഷയത്തില്‍ നരേന്ദ്ര മോഡി മൗനം തുടരുകയാണ്. രാജ്യത്തിന്റെ പലഭാഗങ്ങളിലും ഘര്‍ വാപ്‌സി എന്ന പേരില്‍ മതപരിവര്‍ത്തനം നടത്തിയിട്ടും ഇതേ കുറിച്ച് പ്രതികരിക്കാന്‍ മോഡി തയ്യാറായിട്ടില്ല. മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വിമര്‍ശനത്തിന് വഴി വെയ്ക്കുമെന്ന ഭീതിയാണ് മോഡിയെ മൗനം തുടരാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ആലപ്പുഴയിലും മതപരിവര്‍ത്തനം നടന്നിരുന്നു. 30 ദളിത് ക്രിസ്ത്യാനികളെയാണ് ഹിന്ദു മതത്തിലേക്ക് മാറ്റിയത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ബി.ജെ.പി എതിരാണെന്ന് കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രസിഡന്റ് അമിത് ഷാ കേരളത്തില്‍ പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസമാണ് 30 ക്രിസ്ത്യാനികളെ മതപരിവര്‍ത്തനം ചെയ്തിരിക്കുന്നത്.

Top