ഇന്ത്യയുടെ പ്രഥമ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹം ആസ്‌ട്രോസാറ്റ് വിജയകരമായി വിക്ഷേപിച്ചു

ശ്രീഹരിക്കോട്ട: രാജ്യത്തിന്‍െറ ആദ്യ ജ്യോതിശാസ്ത്ര നിരീക്ഷണ ഉപഗ്രഹമായ ‘ആസ്ട്രോസാറ്റ്’ വിക്ഷേപിച്ചു. ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യയുടെ നിര്‍ണായക കാല്‍വയ്പാണിത്. ശ്രീഹരിക്കോട്ടിയിലെ സതീഷ്ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപിച്ചത്.

ഇതോടെ സ്വന്തമായി ബഹിരാകാശത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ദൂരദര്‍ശിനി (ടെലിസ്‌കോപ്) യുള്ള ഉപഗ്രഹം വിക്ഷേപിക്കുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.

അമേരിക്ക, റഷ്യ, ജപ്പാന്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ക്കാണു നിലവില്‍ സ്വന്തമായി ബഹിരാകാശ ടെലിസ്‌കോപ്പുള്ളത്.

അള്‍ട്രാവൈലറ്റ് മുതല്‍ എക്‌സ്‌റെ വരെയുള്ള തരംഗദൈര്‍ഘ്യങ്ങളേയും വൈദ്യുത കാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കുന്ന വസ്തുക്കളെയും നിരീക്ഷിക്കാനുള്ള ശേഷിയാണ് ആസ്‌ട്രോസാറ്റിന്റെ പ്രത്യേകത.

നിലവില്‍ ബഹിരാകാശത്തുള്ള ഒരു ദൂരദര്‍ശിനിക്കും ഈ പ്രത്യേകതയില്ല. ഏറ്റവും പ്രശസ്തമായ ബഹിരാകാശ ടെലിസ്‌കോപ്പായ ഹബിള്‍ പോലും ഇന്ത്യയുടെ ആസ്‌ട്രോസാറ്റിനു കീഴിലേ വരൂ. ആസ്‌ട്രോസാറ്റ് വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്കു സ്വന്തമാകുന്നത് ഈ സംവിധാനത്തോടുകൂടിയ ടെലിസ്‌കോപ്പുള്ള ഏക രാജ്യമെന്ന പദവിയാണ്.

Top