ഇന്ത്യ- ബംഗ്ലാദേശ് ഏകദിന മത്സരം ഇന്ന് ആരംഭിക്കും

മിര്‍പുര്‍: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരം വ്യാഴാഴ്ച ഷെരെ ബംഗ്ലാ നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കും. ആറു മണിവരെ മഴ പെയ്യുമെന്ന പ്രവചനം പകലും രാത്രിയുമായി നടക്കുന്ന മത്സരത്തെ ത്രിശങ്കുവില്‍ നിര്‍ത്തുന്നു. ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ മഹേന്ദ്ര സിങ് ധോനി ഇന്ത്യയുടെ ഏകദിന നായകനായി തിരിച്ചെത്തിയിട്ടുണ്ട്.

അതുപോലെ ആതിഥേയരുടെ നായക സ്ഥാനത്തേക്ക് മഷ്‌റാഫി മൊര്‍താസയും തിരിച്ചുവന്നു കഴിഞ്ഞു. രണ്ടു ടീമുകളും കരുത്തുറ്റ ഇലവനെയാണ് അണിനിരത്തുന്നതെങ്കിലും കളി മുഴുമിപ്പിക്കാന്‍ മഴ സമ്മതിക്കുമോ എന്നതാണ് പ്രശ്‌നം. കരുതല്‍ ദിനമുള്ളതിനാല്‍ മത്സരം പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

മിര്‍പുര്‍ സ്റ്റേഡിയത്തിലെ വേഗം കുറഞ്ഞ പിച്ചില്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ലെന്ന കണക്കുകൂട്ടലില്‍ ബാറ്റ്‌സ്മാന്മാരെ കുത്തിനിറച്ച് ആദ്യ ഇലവനെ ഒരുക്കാനായിരിക്കും ഇരു ടീമുകളും ശ്രമിക്കുക. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടന്ന അന്താരാഷ്ട്ര ഏകദിനത്തിലെ 111 ഇന്നിങ്‌സുകളില്‍ 36 എണ്ണത്തില്‍ 300നുമുകളില്‍ സ്‌കോര്‍ വന്നിട്ടുണ്ട്.

ഏഷ്യയിലെ പിച്ചുകളില്‍ 400നുമുകളില്‍ സ്‌കോര്‍ വരാനുള്ള സാധ്യത ഏറെയുമാണ്. അതിവേഗം പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന ബംഗ്ലാദേശിനെ അത്ര നിസ്സാരരായി ധോനിയും സംഘവും കരുതുന്നില്ല. ഏതു വമ്പനേയും അട്ടിമറിക്കാമെന്ന ആത്മവിശ്വാസം ‘കടുവ’കള്‍ക്കുണ്ടെന്ന് ലോക കപ്പിന്റെ ക്വാര്‍ട്ടറിലെത്തിയ പ്രകടനത്തിലൂടെ അവര്‍ തെളിയിച്ചിരുന്നു.

സാധ്യതാ ഇലവന്‍ ഇന്ത്യ: ധോനി(ക്യാപ്റ്റന്‍), ധവാന്‍, രോഹിത് ശര്‍മ, കോലി, രഹാനെ, റെയ്‌ന, ജഡേജ, അശ്വിന്‍, ഭുവനേശ്വര്‍, ഉമേഷ് യാദവ്, മോഹിത് ശര്‍മ.

ബംഗ്ലാദേശ്: മൊര്‍താസ(ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, സൗമ്യ സര്‍ക്കാര്‍, മോമിനുള്‍ ഹഖ്/ലിട്ടണ്‍ ദാസ്/റോണി താലൂക്ക്ദാര്‍, മുഷ്ഫിഖര്‍ റഹിം, ഷക്കീബ്, സബ്ബീര്‍ റഹ്മാന്‍, നസീര്‍ ഹുസൈന്‍, അരാഫത്ത് സണ്ണി, റൂബല്‍ ഹുസൈന്‍, ടസ്‌കിന്‍ അഹമദ്.

Top