പ്രതിരോധ, ആണവോര്‍ജ മേഖലകളിലടക്കം 17 കരാറുകളില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചു

ഇന്ത്യന്‍ വ്യോമസേനയെ ശക്തിപ്പെടുത്തുന്നതിനായി ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐക്യരാഷ്ട്രസഭാ രക്ഷാസമിതി സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പിന്തുണക്കുന്നുവെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാണ്ട് വ്യക്തമാക്കി. പാരീസിലെ എലീസ്സി പാലസിലെ കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇരു നേതാക്കളുടെയും പ്രതികരണം. പ്രതിരോധ, ആണവോര്‍ജ മേഖലകളിലടക്കം 17 കരാറുകളില്‍ ഇന്ത്യയും ഫ്രാന്‍സും ഒപ്പുവെച്ചു.

ഏകദേശം 746 കോടി രൂപക്ക് ഫ്രാന്‍സില്‍ നിന്നും 126 റഫേല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ 2012 മുതല്‍ നടക്കുകയാണ്. 126 വിമാനങ്ങളില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് നിര്‍മിക്കുന്ന 108 വിമാനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ റഫേല്‍ വിമാനക്കമ്പനിയായ ഡസ്സോള്‍ട്ട് വിസമ്മതിച്ചതും വിമാനങ്ങളുടെ വിലയെ സംബന്ധിച്ച തര്‍ക്കവും ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമായി. എന്നാല്‍ നിബന്ധനകളോടെ ഇന്നലെ ഇരു രാജ്യങ്ങളും കരാറിലെത്തിയതോടെ ഈ തടസ്സങ്ങള്‍ നീങ്ങി.

സാമ്പത്തികം, പ്രതിരോധം, വിദ്യാഭ്യാസം, ആണവോര്‍ജം, തീവ്രവാദ വിരുദ്ധ പോരാട്ടം, റെയില്‍വേ തുടങ്ങിയ 17 സുപ്രധാന മേഖലകളിലാണ് ഫ്രാന്‍സും ഇന്ത്യയും കരാറിലെത്തിയത്. സാമ്പത്തിക സ്ഥിരതയും സമാധാനാന്തരീക്ഷവും ഉറപ്പുവരുത്താനാണ് ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാണ്ട് പറഞ്ഞു. ഇന്ത്യയില്‍ 2 ബില്ല്യണ്‍ യൂറോ നിക്ഷേപിക്കാനാണ് ഫ്രാന്‍സിന്റെ തീരുമാനം. മഹാരാഷ്ട്രയിലെ ജൈതാപൂരിലെ ആണവനിലയം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട കരാറുകളിലും തീരുമാനമായി.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണത്തിന്റെ അമ്പതാം വാര്‍ഷികം അടയാളപ്പെടുത്തുന്ന തപാല്‍ സ്റ്റാമ്പുകളും ഇരു നേതാക്കളും പുറത്തിറക്കി. കൂടിക്കാഴ്ചക്ക് ശേഷം പാരീസിലെ സീന്‍ നദിയില്‍ ബോട്ട് യാത്രക്കിടെ ചര്‍ച്ചയും നടത്തി. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ്? നരേന്ദ്രമോദിയുടെ യൂറോപ്പ് സന്ദര്‍ശനം.

Top