ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പ്രതിരോധ സഹകരണ കരാറില്‍ ധാരണയായി

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും പ്രതിരോധ സഹകരണ കരാറില്‍ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറും യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറും ചേര്‍ന്ന് പത്ത് വര്‍ഷത്തേക്കുള്ള സഹകരണ കരാറിലാണ് ഒപ്പുവച്ചത്.

ഒപ്പുവച്ച കരാറുകള്‍ രണ്ടു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് സംയുക്ത പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. തീരദേശ സുരക്ഷ, സംയുക്ത സൈനികാഭ്യാസം, രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവയ്ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് കരാര്‍.

പ്രതിരോധസാങ്കേതിക വിദ്യ സംയുക്തമായി വികസിപ്പിക്കുന്നതിനുള്ള നടപടികളും കരാറിലുണ്ട്. ഇന്ത്യയുടെയും അമേരിക്കയുടെയും സൈന്യങ്ങളുടെ സംയുക്ത പരിശീലനം നടത്തുന്നതിനും ധാരണയായി. മൊബൈല്‍ ഇലക്ട്രിക് ഹൈബ്രിഡ് പവര്‍ സോഴ്‌സുകള്‍ വികസിപ്പിക്കുന്നതിനുള്ള കരാറിലും ഒപ്പുവച്ചു.

ഇന്ത്യയിലെത്തിയ കാര്‍ട്ടര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ എന്നിവരുമായും കൂടിക്കാഴ്ച നടത്തി.

Top