സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ യൂണിറ്റുമായി ലെനോവയും ഇന്ത്യയില്‍ എത്തി

ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ചൈനയില്‍ നിന്ന് ലെനോവയുമെത്തി. ഇന്ത്യയെ ഗ്ലോബല്‍ മാനുഫാക്ചറിംഗ് ഹബ്ബാക്കി മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ലെനോവയും ഇന്ത്യയിലെത്തിയത്.

ലെനോവയുടെ പ്രധാന വിപണികളിലൊന്നായ ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നീക്കം ഇവിടുത്തെ മൊബൈല്‍ വിപണിയില്‍ സ്ഥിര സ്ഥാനമുറപ്പിക്കാനുള്ള ലെനോവയുടെ തീരുമാനത്തിന്റെ ഭാഗമായാണ്.

മോട്ടോറോളയും ലെനോവയും സംയുക്തമായാണ് ചെന്നൈയിലെ ശ്രീപെരുമ്പത്തൂരിലെ നിര്‍മ്മാണ യൂണിറ്റില്‍ ഫോണ്‍ നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. മോട്ടറോളയുടെ മോട്ടോ ഇ 4 ജി മോഡലിന്റെ നിര്‍മ്മാണം ആണ് നിലവില്‍ ഇവിടെ നടക്കുന്നത്. ഈ നിര്‍മ്മാണ യൂണിറ്റില്‍ ലെനോവയും മോട്ടറോളയും ഒരേ സൗകര്യങ്ങള്‍ ഉപയോഗിച്ച് പ്രത്യേകം പ്രത്യേകമായിരിക്കും നിര്‍മ്മാണം നടത്തുക.

1500 ജീവനക്കാരെ ഉപയോഗിച്ച് വര്‍ഷത്തില്‍ 6 മില്യന്‍ സ്മാര്‍ട്ട് ഫോണുകള്‍ നിര്‍മ്മിക്കാനാണ് ലെനോവോ ലക്ഷ്യമിടുന്നത്. ഇറക്കുമതി ചെയ്യുന്ന ഭാഗങ്ങള്‍ കൂട്ടിയിണക്കുന്ന ജോലിയായിരിക്കും ഈ യൂണിറ്റില്‍ ആദ്യ ഘട്ടങ്ങളില്‍ നടക്കുക. ഇന്ത്യയിലെ ആദ്യ 5 മികച്ച സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളില്‍പ്പെടുന്ന ഏക ചൈനീസ് ബ്രാന്റാണ് ലെനോവയെന്നതും നിര്‍മ്മാണ യൂണിറ്റ് സ്ഥാപിക്കാന്‍ ഇവര്‍ക്ക് പ്രേരകമായതെന്നും കരുതാം.

ചൈനയിലെ ബെയ്ജിംഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലെനോവ, പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍, ടാബ്ലറ്റ് ബിഡി, സ്മാര്‍ട്ട് ഫോണുകള്‍, സ്റ്റോറേജ് ഉപകരണങ്ങള്‍, സ്മാര്‍ട്ട് ടെലിവിഷന്‍, ഐടി സോഫ്റ്റ്‌വെയര്‍ എന്നിവയുടെ നിര്‍മ്മാതാക്കളാണ്. 60 രാജ്യങ്ങളില്‍ ഓഫീസുകളുള്ള ലെനോവയുടെ ഉല്‍പന്നങ്ങള്‍ 160 രാജ്യങ്ങളില്‍ വില്‍കുന്നുണ്ട്.

Top