ഇന്ത്യയില്‍ മിനിയുടെ ഉത്പാദനം ബിഎംഡബ്ല്യു അവസാനിപ്പിച്ചു

പ്രീമിയം കോംപാക്ട് കാറായ മിനിയുടെ ഇന്ത്യയിലെ ഉത്പാദനം ബിഎംഡബ്ല്യു അവസാനിപ്പിച്ചു. ജര്‍മന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് കാര്‍ ബ്രാന്‍ഡായ മിനിയ്ക്ക് തുടക്കത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

2012 ഏപ്രിലില്‍ ആദ്യ മിനി ഡീലര്‍ഷിപ്പ് തുടങ്ങുംമുമ്പ് തന്നെ 100 ലേറെ ബുക്കിങ് മിനിയ്ക്കുണ്ടായിരുന്നു. പക്ഷേ പിന്നീടങ്ങോട്ട് മിനിയ്ക്ക് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായില്ല.

മിനി ശ്രേണിയില്‍ നാല് മോഡലുകളാണ് ഇന്ത്യയിലുള്ളത്. ഇതില്‍ ചെന്നൈ പ്ലാന്റില്‍ മിനി കണ്‍ട്രിമാന്‍ എന്ന മോഡല്‍ മാത്രമാണ് ഉത്പാദിപ്പിച്ചിരുന്നത്. യൂറോപ്പിനു പുറത്ത് മിനി ആദ്യമായി ഉത്പാദിപ്പിച്ചത് ഇവിടെയായിരുന്നു.

മിനി കണ്‍ട്രിമാന്റെ പുതിയ മോഡല്‍ വരുന്ന സാഹചര്യത്തിലാണ് ഉത്പാദനം നിര്‍ത്തിവച്ചതെന്നാണ് ബിഎംഡബ്ല്യു വക്താവ് പറയുന്നത്. പക്ഷേ പുതിയ തലമുറ കണ്‍ട്രിമാന്‍ അടുത്തവര്‍ഷം മാത്രമാണ് വിപണിയിലെത്തുക. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ മിനിയുടെ ഉത്പാദനം പൂര്‍ണ്ണമായി അവസാനിപ്പിച്ചു എന്നുതന്നെ കരുതാം.

നിലവില്‍ ഇറക്കുമതി ചെയ്ത മിനി മോഡലുകളാണ് രാജ്യത്ത് വില്‍പ്പന നടത്തുന്നത്. 2012 മുതല്‍ 2014 വരെ ആകെ 1,123 മിനി കാറുകളാണ് ഇന്ത്യയില്‍ വില്‍പ്പന നടന്നത്.

Top