ഇന്ത്യയില്‍ പോളോ ഹാച്ച്ബാക്കിന്റെ വില്‍പ്പന നിര്‍ത്തി വയ്ക്കാന്‍ ഡീലര്‍മാരോട് ഫോക്‌സ് വാഗണ്‍

പോളോ ഹാച്ച്ബാക്ക് വില്‍ക്കുന്നത് നിറുത്തിവെക്കാന്‍ ഡീലര്‍മാര്‍ക്ക് ഫോക്‌സ്‌വാഗണ്‍ നിര്‍ദ്ദേശം നല്‍കി. കൃത്യമായ കാരണം പറയാതെയാണ് വില്‍പന നിറുത്തുവാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുള്ളത്.

ഡീസല്‍ എന്‍ജിന്‍ കാറുകളുടെ എമിഷന്‍ ടെസ്റ്റ് അനുകൂലമാക്കുവാന്‍ അമേരിക്കയില്‍ നടത്തിയ തട്ടിപ്പുകള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടാണോ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുള്ളത് എന്ന സംശയം ഉയരുന്നുണ്ട്.

‘We request, not to physically deliver any Polo vehicle (all variants) with immediate effect till further notice from VW,’ എന്ന ഒരു ഒറ്റവരി നിര്‍ദ്ദേശമാണ് രാജ്യത്തെ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകളിലേക്ക് ചെന്നിരിക്കുന്നത്. പോളോയുടെ ഒരു വേരിയന്റും വില്‍ക്കരുതെന്നാണ് നിര്‍ദ്ദേശം.

ഫോക്‌സ്‌വാഗന്റെ രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്. വില്‍പനാനന്തര പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന ആശിഷ് ഗുപ്തയും പങ്കജ് ശര്‍മയുമാണിവര്‍.

അതെസമയം ഈ നിര്‍ദ്ദേശത്തിന് എമിഷന്‍ വിവാദവുമായി യാതൊരു ബന്ധവുമില്ലെന്ന് ഫോക്‌സ്‌വാഗണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, എന്താണ് യഥാര്‍ത്ഥ കാരണമെന്ന് പറയുന്നില്ല.

അമേരിക്കയില്‍ ഉടലെടുത്ത ഫോക്‌സ്‌വാഗണ്‍ ഡീസല്‍ എന്‍ജിന്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ കാര്‍ ടെസ്റ്റിങ് ഏജന്‍സിയായ എആര്‍എഐ ഇടപെടല്‍ നടത്തിയിരുന്നു. ഈ വിഷയത്തില്‍ വിശദമായ ഒരു റിപ്പോര്‍ട്ടാണ് എആര്‍എഐ കമ്പനിയോടാവശ്യപ്പെട്ടത്. ഇതിനായി ഫോക്‌സ്‌വാഗണ്‍ ഒരു അന്വേഷണസമിതിയെയും നിയോഗിച്ചിട്ടുണ്ട്.

ഡിഫീറ്റ് ഡിവൈസ് എന്നു പേരായ ഒരു സോഫ്റ്റ്‌വെയര്‍ ഡീസല്‍ കാറുകളിലെ മെയിന്‍ സോഫ്റ്റ്‌വെയറിലേക്ക് കടത്തിവിട്ടാണ് ഫോക്‌സ്‌വാഗണ്‍ തട്ടിപ്പ് നടത്തിയത്. ഡിഫീറ്റ് ഡിവൈസ് ചെയ്തത് കാറുകളിലെ മെയിന്‍ സോഫ്റ്റ്‌വെയറിനെ നിര്‍വീര്യമാക്കുകയാണ്. ഈ ഡിവൈസ് പക്ഷെ കാറുകള്‍ ടെസ്റ്റിനെടുക്കുന്നത് തിരിച്ചറിയുകയും പ്രസ്തുത സന്ദര്‍ഭങ്ങളില്‍ മെയിന്‍ സോഫ്റ്റ്‌വെയറിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യും. ചുരുക്കത്തില്‍ എമിഷന്‍ ടെസ്റ്റുകളില്‍ അനുകൂലമായ ഫലം ലഭിക്കുന്നു.

എന്‍ജിനോടൊപ്പം പ്രവര്‍ത്തിച്ച് മലിനീകരണം തടയുകയാണ് മെയിന്‍ സോഫ്റ്റ്‌വെയറിന്റെ ജോലി. മൈലേജ് കൂട്ടുവാന്‍ ഇത് സഹായിക്കുന്നു. മൈലേജ് കൂടുമ്പോള്‍ സ്വാഭാവികമായും എന്‍ജിന്റെ പ്രകടനക്ഷമത കുറയുന്നു. ഇതിന് പുതിയ സാങ്കേതികത വികസിപ്പിച്ചെടുക്കുകയോ മറ്റോ ചെയ്ത് മെനക്കെടാതെ ഒരു ചെറിയ തിരിമറി നടത്തി ഊരാന്‍ ശ്രമിക്കുകയായിരുന്നു ഫോക്‌സ്‌വാഗണ്‍.

Top