ഇന്ത്യയില്‍ ഡാറ്റാസെന്ററുകള്‍ ആരംഭിക്കാനൊരുങ്ങി ആമസോണ്‍

ബംഗളൂരു: ഇന്ത്യയില്‍ കോടികള്‍ മുതല്‍മുടക്കി ഡാറ്റാസെന്ററുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ആമസോണ്‍ വെബ് സര്‍വീസ്. 2016 ഓടുകൂടി ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്ന് ആമസോണ്‍ വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസി വെളിപ്പെടുത്തി.

ആമസോണിന് ഇന്ത്യയില്‍ അതിവേഗത്തിലുളള വളര്‍ച്ചയാണുളളതെന്നും അതിനാല്‍, ഭാവിയില്‍ നടത്താന്‍ പോകുന്ന നിക്ഷേപം കമ്പനിയെ സംബന്ധിച്ചു വളരെ പ്രധാനപ്പെട്ടതാണെന്നും ജാസി വ്യക്തമാക്കി.

ഇപ്പോള്‍ത്തന്നെ ആമസോണിന് ഇന്ത്യയില്‍ ലക്ഷക്കണക്കിന് ഇടപാടുകാരാണ് ഉള്ളത്. സംരംഭകരും ചെറുകിട-വന്‍കിട വ്യവസായികളുമടക്കമുളളവരും, പുത്തന്‍ സംരംഭകരുമൊക്കെ ആമസോണുമായി സഹകരിക്കുന്നവരാണെന്നും ജാസി പറഞ്ഞു.

ഇ-കോമേഴ്‌സ് മേഖലയില്‍ നിന്നാണ് ആമസോണിനു വരുമാനമേറെയും ലഭിക്കുന്നത്. നിലവിലെ കണക്കുകളനുസരിച്ച് ആമസോണിനു വര്‍ഷംതോറും 40 ശതമാനത്തിന്റെ വളര്‍ച്ചയാണുളളതെന്നും കമ്പനി മേധാവി വ്യക്തമാക്കി.

Top