ഇന്ത്യന്‍ നാവികസേനയ്ക്ക് 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് തീരുമാനമായെന്ന് ഡാസോ ഏവിയേഷന്‍

ന്ത്യന്‍ നാവികസേനയ്ക്ക് 26 റഫാല്‍ വിമാനങ്ങള്‍ വാങ്ങുന്നതിന് തീരുമാനമായെന്ന് ഡാസോ ഏവിയേഷന്‍. നേരത്തെ ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഫ്രാന്‍സ് സംയുക്ത പ്രസ്താവനയില്‍ ഇക്കാര്യം പരാമര്‍ശിച്ചിട്ടില്ലായിരുന്നു. പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഇക്കാര്യത്തില്‍ തീരുമാനം പ്രതീക്ഷിച്ചിരുന്നെങ്കിലും ഉണ്ടായില്ല.

ഫ്രാന്‍സ് സര്‍ക്കാരുമായുള്ള ഉടമ്പടി അടിസ്ഥാനമാക്കി 26 റഫാല്‍ മറൈന്‍ വിമാനങ്ങളും അനുബന്ധ ഉപകരണങ്ങള്‍, ആയുധങ്ങള്‍, സിമുലേറ്റര്‍, സ്‌പെയറുകള്‍, രേഖകള്‍, നാവിക പരിശീലനം, ലോജിസ്റ്റിക് പിന്തുണ എന്നിവ ലഭ്യമാക്കാനായിരുന്നു ഡിഎസി യോഗത്തിലെ തീരുമാനം. കൂടാതെ, ഇന്ത്യയില്‍ രൂപകല്പന ചെയ്ത ഉപകരണങ്ങളുടെ സംയോജനവും വിവിധ സംവിധാനങ്ങള്‍ക്കായി മെയിന്റനന്‍സ്, റിപ്പയര്‍ & ഓപ്പറേഷന്‍സ് ഹബ്ബ് സ്ഥാപിക്കുന്നതും കൃത്യമായ ചര്‍ച്ചകള്‍ക്ക് ശേഷം കരാര്‍ രേഖകളില്‍ ഉള്‍പ്പെടുത്തുമെന്ന് യോഗത്തിന് ശേഷം ഡിഎസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് വേണ്ടിയാണ് ഫ്രാന്‍സില്‍ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിയത്. ഇത് വലിയ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ആരോപണങ്ങള്‍ക്കുമെല്ലാം വഴിവച്ചിരുന്നു. പിന്നീട് ഇതെല്ലാം കെട്ടടങ്ങി. റഫാല്‍ വിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തുകയും ചെയ്തു. ഈ ഇടപാട് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിയിരുന്നു.

Top