ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകനായി റോളന്റ് ഓള്‍ട്ട്മാന്‍സിനെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകന്‍ ഡച്ചുകാരന്‍ പോള്‍ വാന്‍ ആസിനെ പുറത്താക്കി അധികം വൈകാതെ, അതേ നാട്ടില്‍നിന്നുതന്നെ അദ്ദേഹത്തിന് പകരക്കാരനെ ഹോക്കി ഇന്ത്യ കണ്ടത്തെി. ടീമിന്റെ ഹൈ പെര്‍ഫോമന്‍സ് ഡയറക്ടറായ റോളന്റ് ഓള്‍ട്ട്മാന്‍സിനെ പുരുഷ ടീമിന്റെ മുഖ്യ കോച്ചായി ഹോക്കി ഇന്ത്യ നിയമിച്ചു.

61കാരനായ ഓള്‍ട്ട്മാന്‍സ് കഴിഞ്ഞ മൂന്നുവര്‍ഷമായി ഇന്ത്യന്‍ ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുകയായിരുന്നു. അടുത്തവര്‍ഷത്തെ റിയോ ഒളിമ്പിക്‌സ് വരെ അദ്ദേഹം കോച്ചായി തുടരും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഇന്‍ജെറ്റി ശ്രീനിവാസും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരീന്ദര്‍ ബത്രയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്.

ഒളിമ്പിക്‌സിനു ശേഷവും ഓള്‍ട്ട്മാന്‍സ് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് ബത്ര മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബത്രയുമായുള്ള അഭിപ്രായവ്യത്യാസങ്ങളുടെയും തര്‍ക്കത്തിന്റെയും പേരിലാണ് പോള്‍ വാന്‍ ആസ് പുറത്തായത്. അത് നിരാശജനകമായ ഒരു ഏടാണെന്ന് ബത്ര പറഞ്ഞു. കോച്ചുമാര്‍ വരുകയും പോവുകയും ചെയ്യുമെന്നും മുന്നോട്ടുനീങ്ങുകയാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top