ഇന്ത്യന്‍ ഹോക്കി ടീം പരിശീലകന്‍ പോള്‍ വാന്‍ അസിനെ പുറത്താക്കി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പുരുഷ ഹോക്കി ടീം പരിശീലകന്‍ പോള്‍ വാന്‍ അസിനെ ഹോക്കി ഇന്ത്യ പുറത്താക്കി. അവധിക്ക് നാട്ടില്‍ പോയ പോള്‍ വാന്‍ അസ് കൃത്യസമയത്ത് ടീമിനൊപ്പം ചേരാന്‍ വൈകിയതിനെത്തുടര്‍ന്നാണ് ഹോക്കി ഇന്ത്യയുടെ നടപടിയെങ്കിലും പ്രസിഡന്റ് നരേന്ദ്ര ബത്രയുമായുള്ള അഭിപ്രായ വ്യത്യാസമാണ് അദ്ദേഹത്തെ പുറത്താക്കിയതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഹിമാചല്‍പ്രദേശില്‍ നടന്ന ദേശീയ ക്യാമ്പില്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരുന്നതാണ് പോള്‍ അസിനെതിരേ കടുത്ത നടപടിയെടുക്കാന്‍ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചത്. മാത്രവുമല്ല, അടുത്തിടെ അവസാനിച്ച ലോക ഹോക്കി ലീഗില്‍ ഇന്ത്യയുടെ പ്രകടനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലും അദ്ദേഹം വീഴ്ച വരുത്തിയെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.

എന്നാല്‍, ഹോക്കി ഇന്ത്യയുടെ തീരുമാനം തന്നെ ഞെട്ടിച്ചെന്ന് അസ് വ്യക്തമാക്കി. ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ബത്രയുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് പുറത്താക്കലിനു പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു.

ലോക ഹോക്കി ലീഗ് സെമിയില്‍ മലേഷ്യക്കെതിരായ മത്സരത്തിന് ശേഷം അസും ബത്രയും പര്യസ്യമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതാണ് ഇല്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തി തന്നെ പുറത്താക്കാന്‍ ഹോക്കി ഇന്ത്യയെ പ്രേരിപ്പിച്ചതെന്നും അസ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് ഹോളണ്ടുകാരനായ പോള്‍ വാന്‍ ആസ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലകനായി ചുമതലയേറ്റത്. ടെറി വാല്‍ഷിനെ പുറത്താക്കിയതിനെ തുടര്‍ന്നായിരുന്നു ഹോളണ്ടുകാരനായ പോള്‍ വാന്‍ ആസ് ഇന്ത്യന്‍ പരിശീലകനായി ചുതലയേറ്റത്.

ഒളിമ്പിക് യോഗ്യത സ്വന്തമാക്കിയ ഇന്ത്യ സമീപകാലത്തു മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ലോക ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അടക്കമുള്ള ടീമുകളെ പരാജയപ്പെടുത്താന്‍ ഇന്ത്യക്കായി.

Top