ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ബ്ലാസ്റ്റേഴ്‌സിന്റെ മാര്‍ക്കീ താരം കാര്‍ലോസ് മര്‍ച്ചേന ?

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിലെ മാര്‍ക്കീ താരത്തെ പ്രഖ്യാപിക്കാന്‍ ഒരുദിവസം മാത്രം ബാക്കിനില്‍ക്കെ കേരള ബ്ലാസ്റ്റേഴ്‌സ്, പുണെ സിറ്റി ടീമുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു.

പുണെ സിറ്റി ഐവറികോസ്റ്റ് താരം ദിദിയര്‍ സൊക്കോറയുമായി ധാരണയിലെത്തിയതിനാല്‍ മാര്‍ക്കീ താരമായി മാറ്റാനിടയുണ്ട്.

എന്നാല്‍, കേരള ടീമില്‍നിന്ന് ഇതുവരെ പ്രഖ്യാപനമൊന്നുമുണ്ടായിട്ടില്ല. സ്പാനിഷ് ലോകകപ്പ് താരം കാര്‍ലോസ് മര്‍ച്ചേന മാര്‍ക്കീ താരമാകുമെന്നാണ് അഭ്യൂഹങ്ങള്‍. അതേ സമയം ക്ലബ്ബ് ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്‌സ് സ്പാനിഷ് താരം വിക്ടര്‍ ഫോര്‍സിഡയെ നിലനിര്‍ത്തുകയും ഇംഗ്ലീഷ് താരം ക്രിസ് ഡഗ്‌നലിനെ പുതുതായി ടീമിലെടുക്കുകയുമാണ് ചെയ്തത്.

നിലവിലെ ചാമ്പ്യന്മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗയെ മാര്‍ക്കീ താരമായി ബുധനാഴ്ച പ്രഖ്യാപിച്ചു. ചെന്നൈയിന്‍ എഫ്.സി.ക്ക് ബ്രസീല്‍ താരം എലാനോയും ഡല്‍ഹി ഡൈനാമോസിന് ബ്രസീല്‍ താരം റോബര്‍ട്ടോ കാര്‍ലോസുമാണ് മാര്‍ക്കീ താരങ്ങള്‍.

ഗോവ ബ്രസീല്‍ പ്രതിരോധനിരക്കാരന്‍ ലൂസിയോയെയും മുംബൈ എഫ്.സി. ഫ്രഞ്ച് താരം നിക്കോളസ് അനെല്‍ക്കയെയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോര്‍ച്ചുഗല്‍ താരം സിമാവോയെയും മാര്‍ക്കീ താരമാക്കി.

Top