ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഡീസല്‍ നല്‍കാന്‍ റിലയന്‍സും എസ്സാറും

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഡീസല്‍ നല്‍കാന്‍ റിലയന്‍സും എസ്സാറും തയ്യാറെടുക്കുന്നു. കഴിഞ്ഞ വര്‍ഷം ഡീസല്‍ വിലയിലെ നിയന്ത്രണം സര്‍ക്കാര്‍ നീക്കിയതിനെ തുടര്‍ന്നാണ് പുതിയ നീക്കം.

കഴിഞ്ഞ വര്‍ഷം വരെ രാജ്യവ്യാപകമായി പൊതുമേഖലാ എണ്ണക്കമ്പനികളായിരുന്നു റെയില്‍വേയ്ക്കുള്ള ഡീസല്‍ വിതരണം ചെയ്തിരുന്നത്.

ഇന്ത്യയില്‍ ഏറ്റവുമധികം ഡീസല്‍ ഉപയോഗിക്കുന്ന സ്ഥാപനമാണ് ഇന്ത്യന്‍ റെയില്‍വേ. ഓരോ വര്‍ഷവും 25 ലക്ഷം ടണ്‍ ഡീസലാണ് റെയില്‍വേ ഉപയോഗിക്കുന്നത്.

റെയില്‍വേയ്ക്ക് ഡീസല്‍ നല്‍കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ചില സ്ഥലങ്ങളില്‍ ഡീസല്‍ ലഭ്യമാക്കുന്നതിനുള്ള ചുരുക്കപ്പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും എസ്സാര്‍ ഓയിലും ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കമ്പനികള്‍ ഡീസല്‍ ലഭ്യമാക്കി തുടങ്ങിയിട്ടില്ലെന്ന് പെട്രോളിയം സെക്രട്ടറി സൗരഭ് ചന്ദ്ര വ്യക്തമാക്കി.

കിലോ ലിറ്ററിന് 1800 രൂപ ഇളവാണ് റിലയന്‍സ് റെയില്‍വേയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് പുതിയ കരാര്‍ നിലവില്‍ വരുന്നത്. കമ്പനികള്‍ നല്‍കുന്ന ഇളവുകള്‍ക്കനുസരിച്ച് സോണല്‍ ഡിവിഷനുകളാണ് ഡീസല്‍ വിതരണക്കാരെ തിരഞ്ഞെടുക്കുന്നത്.

Top