ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്: കിരീടമുയര്‍ത്താന്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയ്ക്കു കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് ഒരുങ്ങി. ഇന്നു രാത്രി എട്ടിന് നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടും. സീസണ്‍ മുഴുവന്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനു പക്ഷേ, മുംബൈ ഇന്ത്യന്‍സിനോടു പലപ്പോഴും കാലിടറി. മൂന്നു തവണ ഈ സീസണില്‍ ഏറ്റുമുട്ടിയപ്പോള്‍ രണ്ടിലും വിജയം മുംബൈക്കൊപ്പം നിന്നു. ആദ്യമത്സരത്തില്‍ ചെന്നൈ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തിലും ആദ്യ ക്വാളിഫയറിലും മുംബൈ വിജയിച്ചു.

അതേസമയം, ഫൈനലിലെ കണക്കുകളില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. രണ്ടു ടീമും ഓരോ മത്സരത്തില്‍ വീതം വിജയിച്ചു. എന്നാല്‍, കിരീടനേട്ടത്തില്‍ ചെന്നൈയാണു മുന്നില്‍, രണ്ടു തവണ അവര്‍ കിരീടം ചൂടിയപ്പോള്‍ മുംബൈക്ക് ഒരു തവണയാണു കിരീടം നേടാനായത്. 14 മത്സരങ്ങളില്‍നിന്നു 18 പോയിന്റ് നേടി ഒന്നാമതായാണു ചെന്നൈ പ്ലേ ഓഫ് യോഗ്യത നേടിയതെങ്കില്‍ 14 മത്സരങ്ങളില്‍നിന്നു 16 പോയിന്റുമായാണു മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചത്.

Top