ഇന്ത്യന്‍ ടീമില്‍ നിന്നുള്ള തന്റെ പുറത്താകലിന് കാരണം ധോണിയല്ലെന്ന് സെവാഗ്

ന്യൂഡല്‍ഹി:: ഇന്ത്യന്‍ ടീമില്‍ നിന്ന് തന്റെ പുറത്താകലിന് കാരണക്കാരനായത് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയാണെന്ന ആരോപണത്തോട് വീരേന്ദര്‍ സെവാഗ് ആദ്യമായി മനസു തുറന്നു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വീരു ധോണിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ചത്.

ധോണിയാണ് എന്റെ പുറത്താകലിന് പിന്നിലെന്ന് ഞാന്‍ കരുതുന്നില്ല. നല്ല ഹൃദയശുദ്ധിയുള്ള വ്യക്തിയാണ് ധോണി. സീനിയര്‍ താരങ്ങളുടെയെല്ലാം ബഹുമാനം ധോണിക്ക് ലഭിച്ചിരുന്നു. ധോണി ആദ്യമായി ക്യാപ്റ്റനായപ്പോള്‍ സീനിയര്‍ താരങ്ങളെല്ലാം അദ്ദേഹത്തിന് കീഴില്‍ കളിച്ചിട്ടുണ്ട്. അവര്‍ ധോണിക്ക് ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നുവെന്ന് സെവാഗ് പറഞ്ഞു.

ക്യാപ്റ്റനെന്ന നിലയില്‍ അതെല്ലാം ധോണി സ്വീകരിച്ചിട്ടുമുണ്ട്. അതിന്റെകൂടി ഫലമായാണ് ട്വന്റി20 ലോകകപ്പും ഏകദിന ലോകകപ്പും നമ്മള്‍ ജയിച്ചത്. ധോണിയുമായി ഞാന്‍ അത്ര നല്ല രസത്തിലല്ലെന്ന വാര്‍ത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമാണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുഹോട്ടലിലാണ് താമസിച്ചിരുന്നത്. ഒരുമിച്ചാണ് കളിച്ചിരുന്നത്. അതുകൊണ്ടുതന്നെ അത്തരം സംഭവങ്ങളൊന്നുമില്ല. അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ നേരത്തെ ടീമില്‍ നിന്ന് പുറത്താവുമായിരുന്നു. എന്റെ പുറത്താകലിന് പിന്നില്‍ ധോണിയാണെന്ന ഗാംഗുലിയുടെ പ്രസ്താവന ശരിയാണെന്ന് കരുതുന്നില്ലെന്നും സെവാഗ് പറഞ്ഞു.

Top