ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള ചര്‍ച്ചകള്‍ സജീവം

കൊല്‍ക്കത്ത: കൊല്‍ക്കത്ത ചേരുന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ പരിശീലകന്റെ കാര്യത്തില്‍ തീരുമാനമെടുത്തേക്കുമെന്നാണു സൂചന. മുന്‍ ഇന്ത്യന്‍ നായകന്മാരായ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്കാണു പരീശീലക സ്ഥാനത്തേക്കു കൂടുതല്‍ സാധ്യത.

ലോകകപ്പിനു ശേഷം നിലവിലെ കോച്ച് ഡങ്കന്‍ ഫ്‌ളച്ചറുടെ കാലാവധി അവസാനിച്ചതോടെയാണു പുതിയ പരിശീലകനായുള്ള ചര്‍ച്ച ആരംഭിച്ചത്. പരിശീലകനാകാന്‍ താത്പര്യം പ്രകടിപ്പിച്ചു മുന്‍ നായകന്‍ സൗരവ് ഗാംഗുലി രംഗത്തു വന്നിരുന്നു. ഇക്കാര്യം ഗാംഗുലി ബിസിസിഐ പ്രസിഡന്റ് ജഗ്‌മോഹന്‍ ഡാല്‍മിയയെ അറിയിച്ചതായി ഒരു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹി സ്ഥിരീകരിച്ചിരുന്നു.

ഗാംഗുലിയേക്കാളുപരി മുന്‍ നായകനും നിലവില്‍ രാജസ്ഥാന്‍ റോയല്‍സ് പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനെ പരിശീലകനായി നിയമിക്കാനാണു ക്രിക്കറ്റ് ബോര്‍ഡിലെ ഒരു വിഭാഗത്തിനു താത്പര്യമെന്നാണു ലഭിക്കുന്ന വിവരം. എന്നാല്‍, രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിലനിര്‍ത്തി സഞ്ജയ് ബംഗാറിനേയോ പ്രവീണ്‍ ആംറെയേയോ പരിശീകനായി നിയമിക്കാനുള്ള നീക്കമുണ്ടെന്നും ബിസിസിഐ വൃത്തങ്ങള്‍ സൂചന നല്കി. ബിസിസിഐ ഭാരവാഹികളുടെ പാനലും മുന്‍ നായകന്‍മാരും ചേര്‍ന്ന സംഘമാണു പുതിയ കോച്ചിനെ തെരഞ്ഞെടുക്കുന്നത്.

Top