ഇന്ത്യന്‍ ഇരുചക്രവാഹന വിപണി ലക്ഷ്യമിട്ട് ജാപ്പനീസ് കമ്പനി ബ്രിജ്‌സ്റ്റോണ്‍

ഇന്ത്യന്‍ വിപണിയില്‍ ഇടംനേടാന്‍ ജാപ്പനീസ് ഇരുചക്ര വാഹന കമ്പനിയായ ബ്രിജ്‌സ്റ്റോണ്‍ ഒരുങ്ങുന്നു. യാത്രാവാഹനങ്ങള്‍ക്കു കൂടുതല്‍ ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്ന ടയറുകളുടെ ‘ഇകോപ്യ’ ശ്രേണി പുറത്തിറക്കിയതിനൊപ്പമാണു ബ്രിജ്‌സ്റ്റോണ്‍ ഇരുചക്രവാഹന വിഭാഗത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം വെളിപ്പെടുത്തിയത്.

ഇന്ത്യന്‍ ടയര്‍ വിപണിയില്‍ നേതൃസ്ഥാനം മോഹിക്കുന്ന ബ്രിജ്‌സ്റ്റോണ്‍ പക്ഷേ ഇരുചക്രവാഹന വിഭാഗത്തില്‍ പ്രവേശിക്കുന്നതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ വിസമ്മതിച്ചു.

ചെറുകിട, ഇടത്തരം കാറുകള്‍ക്കായി ‘ഇ പി 150’, ‘ഇ പി 850’ എന്നീ ടയറുകളാണു കമ്പനി ‘ഇകോപ്യ’ ശ്രേണിയില്‍ പുറത്തിറക്കിയത്. ‘സ്വിഫ്റ്റ്’,’ അമെയ്‌സ്’ തുടങ്ങിയവയ്ക്കും സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളായ ‘സ്‌കോര്‍പിയോ’, ‘ ഫോര്‍ച്യൂണര്‍’ എന്നിവയ്ക്കും യോജിച്ച ടയറുകളാണിത്. ‘ഇ പി 150’ ടയറുകള്‍ ഏഴു ശതമാനം അധിക ഇന്ധനക്ഷമത നല്‍കുമെന്നാണു കമ്പനിയുടെ വാഗ്ദാനം. എസ് യു വികള്‍ക്കുള്ള ‘ഇ പി 850’ ടയറുകള്‍ ഉപയോഗിച്ചാല്‍ ഇന്ധനക്ഷമത 10% വരെ ഉയരുമെന്നും ബ്രിജ്‌സ്റ്റോണ്‍ അവകാശപ്പെടുന്നു.

മധ്യപ്രദേശിലെ ഖേഡയിലും മഹാരാഷ്ട്രയിലെ ചക്കനിലുമുള്ള ശാലകളില്‍ നിന്നാവും പുതിയ ടയറുകള്‍ നിരത്തിലെത്തുക. അടുത്ത വര്‍ഷത്തോടെ ട്രക്ക് – ബസ് റേഡിയല്‍ വിഭാഗത്തിലും ‘ഇകോപ്യ’ ശ്രേണി പുറത്തിറക്കാന്‍ ബ്രിജ്‌സ്റ്റോണിനു പദ്ധതിയുണ്ട്.

ഇന്ത്യയിലെ വിപണന ശൃംഖല വിപുലീകരിക്കാനും ബ്രിജ്‌സ്റ്റോണ്‍ ലക്ഷ്യമിട്ടിട്ടുണ്ട്. നിലവിലുള്ള 400 ഔട്ട്‌ലെറ്റുകള്‍ക്കൊപ്പം അടുത്ത വര്‍ഷത്തിനകം 100 പുതിയ വില്‍പ്പനകേന്ദ്രങ്ങള്‍ കൂടി തുറക്കാനാണു പദ്ധതി.

Top