പാക്കിസ്ഥാന്‍ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നു: രാജ്‌നാഥ് സിങ്

ലക്‌നൗ: ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ പരോക്ഷമായി ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. അതിര്‍ത്തിയില്‍ പാക്ക് സൈന്യത്തിന്റെ ഭാഗത്തുനിന്നും വെടിവയ്പ് തുടരുന്നതിനെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

പാക്ക് സൈന്യമാണ് നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നത്. ഇതിനെതിരെ ഇന്ത്യ ശക്തമായ മറുപടി നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. അതിര്‍ത്തികള്‍ പെട്ടന്നു അസ്വസ്ഥമാകുന്നവയാണ്. അതിനാല്‍ ഇവിടുത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സുരക്ഷ ഏര്‍പ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം നുഴഞ്ഞുകയറ്റം കുറഞ്ഞിട്ടുണ്ട്. ഇന്ത്യ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയാണ്.

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു വരികയാണെന്നും രാജ്‌നാഥ് കൂട്ടിച്ചേര്‍ത്തു.

നേപ്പാള്‍, ഭൂട്ടാന്‍ അതിര്‍ത്തികളില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ബംഗ്ലദേശ്, മ്യാന്‍മര്‍ അതിര്‍ത്തികളും പ്രശ്‌ന രഹിതമാണെന്നും മന്ത്രി പറഞ്ഞു.

Top