ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പാപ്പുവ മലനിരകളില്‍ ഞായാറാഴ്ച തകര്‍ന്നു വീണ ട്രിഗാന എയര്‍ വിമാനത്തിലെ മുഴുവന്‍ മൃതദേഹങ്ങളും കണ്ടെത്തിയതായി ഗതാഗത മന്ത്രാലയം അറിയിച്ചു. 54 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് സ്ഥലത്ത് നിന്നും മൃതദേഹങ്ങള്‍ മാറ്റാന്‍ സാധിച്ചിട്ടില്ല.

വിമാനം മുഴുവനായും നശിച്ചെന്നും തരിപ്പണമായ പല ഭാഗങ്ങളിലും കത്തിക്കരിഞ്ഞ പാടുകള്‍ കാണാമെന്നും അധികൃതര്‍ പറഞ്ഞു. 250 രക്ഷാപ്രവര്‍ത്തകരും 11 വിമാനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കനത്ത മഴയും മൂടല്‍മഞ്ഞും ഉണ്ടായതിനെ തുടര്‍ന്ന് പ്രവര്‍ത്തനം തടസപ്പെടുകയായിരുന്നു. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

പാപ്പുവയുടെ പ്രാദേശിക തലസ്ഥാനമായ ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് തെക്കന്‍ മേഖലയിലെ ഒക്‌സിബിലിലേക്ക് പറക്കുകയായിരുന്ന വിമാനം, പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട് റഡാറില്‍ നിന്ന് അപ്രത്യക്ഷമായി തകര്‍ന്നു വീഴുകയായിരുന്നു.

ആഭ്യന്തര സര്‍വീസ് നടത്തുന്ന ട്രിഗാന എയറിന് 14 വിമാനങ്ങളാണ് ഉള്ളത്. വ്യോമയാന മേഖലയില്‍ 26 വര്‍ഷത്തെ പരിചയമുണ്ടെന്നും രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍, സുരക്ഷാ ആശങ്കകളെ തുടര്‍ന്ന് 2007ല്‍ യൂറോപ്യന്‍ യൂണിയന്‍ ട്രിഗാനയെ നിരോധിത വ്യോമ സര്‍വീസുകളുടെ പട്ടികയില്‍ പെടുത്തിയിരുന്നു. 1991ല്‍ സര്‍വീസ് തുടങ്ങിയ ശേഷം ഗുരുതരമായ പതിനാല് അപകടങ്ങളിലാണ് ട്രിഗാന വിമാനങ്ങള്‍ ഉള്‍പ്പെട്ടത്.

Top