പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരിലും മാങ്ങ

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പേരില്‍ മാങ്ങ. വ്യത്യസ്ത ഇനം മാങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധേയനായ ഹാജി ഖലീമുല്ല ഖാനാണു മോഡി മാങ്ങയ്ക്കും പിന്നില്‍. ബഡ്ഡിങ്ങിലൂടെ വികസിപ്പിച്ചെടുക്കുന്ന മാങ്ങകള്‍ക്ക് പ്രശസ്ത വ്യക്തികളുടെ പേരാണു ഇദ്ദേഹം നല്‍കുന്നത്.

കോല്‍ക്കത്തയിലെ ഹുസ്‌നെ ഇനത്തിന്റെയും ലക്‌നൗവിലെ ദുസേരി ഇനത്തിന്റെയും സങ്കര ഇനമാണു മോഡി മാവ്. ഉത്തര്‍പ്രദേശിലെ ലക്‌നൗവിനടുത്ത് മലിഹബാദിലാണു ഇദ്ദേഹത്തിന്റെ തോട്ടം സ്ഥിതി ചെയ്യുന്നത്.
മുന്നൂറോളം വ്യത്യസ്ത രുചികളുള്ള മാങ്ങകള്‍ ഇതുവരെ ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്.

മോഡി മാങ്ങയുടെ ആദ്യഫലങ്ങള്‍ പ്രധാനമന്ത്രിക്കായി കരുതി വച്ചിരിക്കുകയാണെന്നും അത് അദ്ദേഹത്തിന്റെ കൈകളില്‍ എത്തിക്കാനാണു തന്റെ ശ്രമമെന്നും ഖലിമുല്ല. മോഡി മാങ്ങയുടെ അഞ്ചു തൈകള്‍ കൂടി വികസിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ ഗുജറാത്തില്‍ തന്നെ ഇവ നട്ടുവളര്‍ത്തണമെന്നാണു ആഗ്രഹം.

ഐശ്വര്യ റായ്, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സോണിയ ഗാന്ധി എന്നിവരുടെ പേരിലും മാങ്ങകള്‍ വികസിപ്പിച്ചിട്ടുണ്ട്. കുടുംബഭാരം മൂലം ഏഴാം ക്ലാസില്‍ പഠനം ഉപേക്ഷിച്ച ഖലീമുല്ല കാര്‍ഷികവൃത്തിയിലേക്ക് തിരിയുകയായിരുന്നു. 1987 ലാണു ആദ്യ മാങ്ങ വികസിപ്പിച്ചത്. ബഡ്ഡിങ്ങിലെ വൈദഗ്ധ്യത്തിനു 2008 ല്‍ പദ്മശ്രീ പുരസ്‌കാരവും ലഭിച്ചു.

Top