ഇനി മുതല്‍ രണ്ടും നാലും ശനിയാഴ്ചകളില്‍ ബാങ്കുകള്‍ക്ക് അവധി

തിരുവനന്തപുരം: മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും ശനിയാഴ്ചകള്‍ രാജ്യത്തെ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിനങ്ങളായും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകള്‍ അവധി ദിനങ്ങളായും പ്രഖ്യാപിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവായി. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷനും ബാങ്ക് യൂണിയനുകളും തമ്മില്‍ മേയ് 25ന് ഒപ്പുവച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

ശനിയാഴ്ച അവധി നല്‍കിക്കൊണ്ടുള്ള നിര്‍ദേശം ബാങ്കുകള്‍ക്ക് ലഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഒന്നു മുതല്‍ ഇത് നിലവില്‍ വരുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയേഴ്‌സ് അസോസിയേഷന്‍ (എഐബിഇഎ) ജനറല്‍ സെക്രട്ടറി സി.എച്ച്. വെങ്കടാചലം പറഞ്ഞു. ഇപ്പോള്‍ തന്നെ എല്ലാ പിഎസ്‌യുകളിലും സ്വകാര്യ മേഖല ബാങ്കുകളിലും ശനിയാഴ്ച പകുതി ദിവസം ജോലി ചെയ്യുന്നുണ്ട്. ശനിയാഴ്ചകളില്‍ അവധി നല്‍കുന്നതുവഴി ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിക്കുമെന്നും വെങ്കടാചലം കൂട്ടിച്ചേര്‍ത്തു.

Top