ഇത് പുതുവര്‍ഷത്തിന്റെ സന്തോഷം; കുഞ്ഞിക്കൈ കോര്‍ത്തുപിടിച്ച് രോഹിതും റിതികയും

ക്രിക്കറ്റിന്റെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് അച്ഛനായതിന്റെ സന്തോഷം ആസ്വദിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ ഇപ്പോള്‍. മെല്‍ബണ്‍ ടെസ്റ്റില്‍ വിജയക്കൊടി പാറിച്ച് ഓസിസ് മണ്ണില്‍ നില്‍ക്കുമ്പോഴായിരുന്നു രോഹിത്തിനെ തേടി ആ സന്തോഷ വാര്‍ത്തയെത്തിയത്.

ഓസിസ് പര്യടനം ഉപേക്ഷിച്ച് കുഞ്ഞിനും ഭാര്യ റിതികയ്ക്കുമരികില്‍ പറന്നെത്തിയ രോഹിത് ഇപ്പോള്‍ അച്ഛനായതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. തന്റെ കുഞ്ഞുവാവയുടെ കുഞ്ഞിക്കൈപിടിച്ചിരിക്കുന്ന ചിത്രമാണ് രോഹിത് ആരാധകര്‍ക്കായി ട്വീറ്റ് ചെയ്തത്. കുഞ്ഞിന്റെ ഒരു കൈ റിതികയും മറ്റേ കൈ രോഹിതും കോര്‍ത്ത് പിടിച്ചിരിക്കുന്നതാണ് ചിത്രം. ഇരുവരുടേയും വിവാഹമോതിരവും ഈ ചിത്രത്തില്‍ കാണാം.

റിതികയുടെ ബന്ധുവും ബോളിവുഡ് താരം സൊഹൈല്‍ ഖാന്റെ ഭാര്യയുമായ സീമ ഖാന്‍ നേരത്തെ റിതിക അമ്മയായ കാര്യം പോസ്റ്റ് ചെയ്തിരുന്നു. ഒരിക്കല്‍ കൂടി അമ്മായി ആയി എന്ന കുറിപ്പോടെ തന്റേയും റിതികയുടേയും ചിത്രമാണ് സീമ ഖാന്‍ പങ്കുവെച്ചത്.

രോഹിത് ശര്‍മ്മ അച്ഛനായതിന് പിന്നാലെ സച്ചിന്‍ തെണ്ടുല്‍ക്കറടക്കമുള്ള താരങ്ങളും ബി.സി.സി.ഐയും ആശംസ അറിയിച്ചിരുന്നു. 2015 ഡിംസബര്‍ 13നാണ് രോഹിതും ഋതികയും വിവാഹിതരായത്.

Top