ഇടത് വിജയിച്ചാലും ഇല്ലെങ്കിലും വി.എസിന്റെ നില ഭദ്രം;പാര്‍ട്ടി നടപടികളും പ്രഹസനമാകും

തിരുവനന്തപുരം: അരുവിക്കരയില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ വിജയിച്ചാലും പരാജയപ്പെട്ടാലും വി.എസിന്റെ നിലപാടുകള്‍ പ്രസക്തമാകും.

ചരിത്രം തിരുത്തി വിജയകുമാര്‍ വെന്നിക്കൊടി പാറിച്ചാല്‍ അതിന്റെ ‘ക്രഡിറ്റിന്റെ’പുറത്ത് പാര്‍ട്ടിയില്‍ നില ഭദ്രമാക്കാനും അച്ചടക്ക നടപടികളില്‍ നിന്ന് തലയൂരാനും വി.എസിന് കഴിയും.

അരുവിക്കരയില്‍ ഏറ്റവും അധികം ജനങ്ങളെ ആകര്‍ഷിച്ചതും ഇളക്കിമറിച്ചതും രാഷ്ട്രീയ അജണ്ട നിശ്ചയിച്ചതും വി.എസ് അച്യുതാനന്ദനാണ്.

അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം എന്തായാലും വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ഇടത് മുന്നണിയുടെ പ്രധാന പ്രചാരകനും വി.എസ് അച്യുതാന്ദന്‍ തന്നെയായിരിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അദ്ദേഹത്തെ മാറ്റാനും ഈ സാഹചര്യത്തില്‍ സിപിഎം തയ്യാറാകില്ല.

ഒഴിവുള്ള സ്ഥാനത്ത് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താനും പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയും നിര്‍ദേശിച്ചേക്കും. അച്ചടക്ക നടപടി അന്വേഷിക്കുന്ന പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് പോലും ഇത്തരമൊരു സാഹചര്യത്തില്‍ പ്രഹസനമാകാനാണ് സാധ്യത.

വി.എസിന് ഇപ്പോഴും ജനങ്ങള്‍ക്കിടയിലുള്ള സ്വീകാര്യത സംസ്ഥാനത്തെ ചില സിപിഎം നേതാക്കളുടെയെങ്കിലും കണ്ണ് തുറപ്പിച്ചിട്ടുണ്ട്. ഇനി ഇടത് മുന്നണി സ്ഥാനാര്‍ത്ഥി അരുവിക്കരയില്‍ പരാജയപ്പെടുകയാണെങ്കിലും വി.എസിന് നിരത്താന്‍ ന്യായീകരണം ഒരുപാടുണ്ട്.

എത്ര വോട്ടാണോ ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്, അതുപോലും താന്‍ പ്രചാരണം നടത്തിയതുകൊണ്ടാണ് കിട്ടിയതെന്നും, അപ്പോള്‍ താന്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്താണ് അവസ്ഥയെന്നും ചോദിച്ച് വി.എസിന് രംഗത്ത് വരാന്‍ കഴിയും.

മണ്ഡലത്തില്‍ സംഘടനാ ചുമതല നിര്‍വ്വഹിച്ച പിണറായി വിജയനെയും സിപിഎം സംസ്ഥാന നേതൃത്വത്തെയും മുള്‍മുനയില്‍ നിര്‍ത്തി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയില്‍ ‘ശുദ്ധികലശം’ നടത്തണമെന്ന ആവശ്യമുയര്‍ത്തി കേന്ദ്ര നേതൃത്വത്തെ സമീപിക്കാനായിരിക്കും അത്തരമൊരു ഘട്ടത്തില്‍ വി.എസ് തയ്യാറാകുക.

അടുത്ത മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാനുള്ള പിണറായി വിജയന്റെ സാധ്യതയ്ക്ക് മേലുള്ള വന്‍ വെല്ലുവിളിയായിരിക്കും അത്.

ഈ സാഹചര്യം കൂടി മുന്നില്‍ കണ്ടാണ് പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ ശക്തമായ ഇടപെടലുകളുമായി പിണറായി അണിയറയില്‍ സജീവമായിട്ടുള്ളത്.

പാര്‍ട്ടി വോട്ടുകള്‍ നഷ്ടപ്പെടാതിരിക്കുകയും പരമാവധി പുതിയ വോട്ടുകള്‍ ശേഖരിക്കുകയും ചെയ്യുക എന്ന തന്ത്രമാണ് പിണറായി നടപ്പാക്കുന്നത്.

വോട്ട് ചോര്‍ച്ചയുണ്ടായാല്‍ ബന്ധപ്പെട്ട ചുമതലയുള്ള നേതാക്കള്‍ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളില്‍ പിണറായി നല്‍കിയിട്ടുണ്ട്.

Top