ഇടത് ‘ബര്‍ത്ത് ‘ ഉറപ്പിച്ച പിള്ള സോളാര്‍ തെളിവുകള്‍ പുറത്ത് വിടാനൊരുങ്ങുന്നു

തിരുവനന്തപുരം: സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി ഐഷാ പോറ്റിക്ക് വോട്ട് ചെയ്യുമെന്ന് പരസ്യപ്രസ്താവന നടത്തുക വഴി ആര്‍ ബാലകൃഷ്ണ പിള്ള ലക്ഷ്യമിടുന്നത് ഇടത് ബര്‍ത്ത്.

യുഡിഎഫ് മുന്നണിയില്‍ നിന്ന് ഉടക്കി നില്‍ക്കുന്ന ബാലകൃഷ്ണ പിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി)യെ ഇടത് മുന്നണിയിലെടുക്കുന്നതിന് പ്രത്യക്ഷത്തില്‍ സിപിഎം ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ല.

പ്രമുഖ എന്‍എസ്എസ് നേതാവ് കൂടിയായ പിള്ളയുടെ പാര്‍ട്ടിക്ക് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലത്തല്‍ നിര്‍ണായക സ്വാധീനമാണുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പിള്ളയുടെ ‘ഉടക്ക്’ ഉണ്ടാകാതിരിക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരുന്നത്.

പിള്ള സ്വന്തം നിലക്ക് മുന്നണി വിടുന്നതല്ല പുറത്താക്കപ്പെടുന്നതാണ് എന്ന സാഹചര്യമുണ്ടാക്കാനാണ് കേരള കോണ്‍ഗ്രസ് (ബി) നേതാക്കള്‍ ആഗ്രഹിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കേരള കോണ്‍ഗ്രസ് (ബി) എംഎല്‍എ കെ.ബി ഗണേഷ്‌കുമാര്‍ ഇടത് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ചതോടെ കേരള കോണ്‍ഗ്രസ് (ബി)യെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ യുഡിഎഫും നിര്‍ബന്ധിതമായിരിക്കുകയാണ്.

ബാര്‍ കോഴ വിവാദത്തില്‍ മന്ത്രി മാണിക്കെതിരെ നിലപാടെടുത്തതിന് മുന്നണി യോഗത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ബാലകൃഷ്ണപിള്ള ആഗ്രഹിക്കുന്നതും ‘ചുവപ്പ് കൂടാരം’ തന്നെയാണ്. അതേസമയം യുഡിഎഫുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്നതോടെ ബാലകൃഷ്ണ പിള്ള അപകടകാരിയായി മാറുമെന്ന ഭീതി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതൃത്വത്തിനുണ്ട്.

ഭരണ രംഗത്തെ എല്ലാ ‘അണിയറ രഹസ്യങ്ങളും’ അറിയാവുന്ന പിള്ള സോളാര്‍ കേസുമായി ബന്ധപ്പെട്ട ‘ഉന്നത ബന്ധങ്ങള്‍’ പുറത്ത് വിടുമോയെന്ന ആശങ്കയാണ് ശക്തമായിട്ടുള്ളത്.

സ്വന്തം കൈപ്പടയില്‍ ജയിലില്‍ നിന്ന് സരിത എഴുതിയ കത്തിന്റെ പകര്‍പ്പ് ബാലകൃഷ്ണ പിള്ളയുടെ കൈവശമുണ്ടെന്ന അഭ്യൂഹം നേരത്തെ തന്നെ ശക്തമായിരുന്നു. പിന്നീട് അഭിമുഖങ്ങളില്‍ പിള്ള ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും ചില ‘സുപ്രധാന’ തെളിവുകള്‍ പിള്ളയുടെ കൈവശമുണ്ടെന്ന് തന്നെയാണ് ചില യുഡിഎഫ് നേതാക്കളെങ്കിലും കരുതുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സോളാര്‍ കമ്മീഷന് മുന്നില്‍ മൊഴി നല്‍കാനും പിള്ളക്ക് നീക്കമുണ്ട്.

അതേസമയം മന്ത്രിമാരുടെ അഴിമതി സംബന്ധമായി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തുകളുടെ കോപ്പികള്‍ പുറത്ത് വിടുമെന്ന് പിള്ള വ്യക്തമാക്കിയത് യുഡിഎഫ് കേന്ദ്രങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതോടെ ബജറ്റ് അവതരണം, മാണിക്കും മുഖ്യമന്ത്രിക്കും ഒരുപോലെ നിര്‍ണായകമാവുകയാണ്.

Top