ഇടത് എം പിമാര്‍ അരുണ്‍ ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ ധനകാര്യമന്ത്രി അരുണ്‍ജയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തി.

കേരളത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ പട്ടിക ജയ്റ്റ്‌ലിക്കു കൈമാറിയ എംപിമാര്‍, അക്രമസംഭവങ്ങളെക്കുറിച്ചു സമഗ്ര അന്വേഷണം വേണമെന്നും അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അരുണ്‍ ജയ്റ്റ്‌ലി തിരുനന്തപുരത്ത് എത്തി കൊല്ലപ്പെട്ട ആര്‍.എസ്.എസ് കാര്യവാഹക്‌ രാജേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു.

ജയ്റ്റ്‌ലി ആര്‍.എസ്.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടും സന്ദര്‍ശിക്കണമെന്ന ആവശ്യവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന്റെ നേതൃത്വത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ 21 സിപിഎം രക്തസാക്ഷികളുടെ കുടുംബത്തെ പങ്കെടുപ്പിച്ചു രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തിയിരുന്നു. കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കുടുംബങ്ങളുടെ കണ്ണീരും മന്ത്രി കാണണമെന്നായിരുന്നു ആവശ്യം. ഇതിന് പിന്നാലെയാണ് ഇടതു എംപിമാര്‍ കൊല്ലപ്പെട്ടവരുടെ പട്ടിക ജയ്റ്റിലിക്ക് നേരിട്ട് കൈമാറിയത്.

കേരളത്തില്‍ സിപിഎം ഏകപക്ഷീയമായി അക്രമം നടത്തുന്നുവെന്നും സംഘടനാ പ്രവര്‍ത്തനം അനുവദിക്കുന്നില്ലെന്നുമാണു ബിജെപിയുടെ ആരോപണം.

Top