ഇടതുപക്ഷവും ആഗ്രഹിക്കുന്നു ആം ആദ്മിയെ; പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം തീരുമാനം

ന്യൂഡല്‍ഹി: കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന രാജ്യത്തെ ഇടതു പക്ഷവും ആഗ്രഹിക്കുന്നത് ആം ആദ്മി പാര്‍ട്ടിയെ. ബിജെപിക്കും കോണ്‍ഗ്രസിനുമെതിരായ ബദല്‍ കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷത്തോടൊപ്പം ആം ആദ്മി പാര്‍ട്ടിയും അണിനിരക്കണമെന്ന വികാരമാണ് സിപിഎം നേതൃത്വത്തിനുള്ളത്. സാമ്പത്തിക നയം ഉള്‍പ്പെടെയുള്ള തത്വാധിഷ്ടിത നിലപാടില്‍ ആം ആദ്മി പാര്‍ട്ടിയുമായി സിപിഎമ്മിന് യോജിപ്പില്ലെങ്കിലും അഴിമതിയുടെ കാര്യത്തിലും ജനങ്ങളുടെ വികാരത്തിന് അനുസൃതമായി നിലപാട് സ്വീകരിക്കുന്നതിലും ആം ആദ്മി പാര്‍ട്ടി കാണിക്കുന്ന വിശ്വാസ്യതയാണ് ഇടതുപക്ഷത്തെ ആകര്‍ഷിക്കുന്നത്.

ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്ക് സിപിഎം പിന്‍തുണ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറും പിന്‍തുണ പ്രഖ്യാപിച്ചത് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റം മുന്നില്‍ കണ്ടാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വാരണാസിയില്‍ നരേന്ദ്രമോഡിക്കെതിരെ മത്സരിച്ചത് കൊണ്ട് അവിടെ ‘തളച്ചിടപ്പെട്ട’കെജ്‌രിവാളിന്റെ പരിമിതിയാണ് ബിജെപിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കാരണമെന്ന് പ്രതിപക്ഷം രഹസ്യമായെങ്കിലും ഇപ്പോള്‍ സമ്മതിക്കുന്നുണ്ട്.

ജനങ്ങളുടെ വിശ്വാസ്യത നേടിയെടുക്കാന്‍ കെജ്‌രിവാളിന് കഴിഞ്ഞതുപോലെ നിലവില്‍ പ്രതിപക്ഷ നിരയില്‍ അത്തരമൊരു നേതാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെയും അഭിപ്രായം. ഈ തുറുപ്പ് ചീട്ട് തന്നെയാണ് ആം ആദ്മി പാര്‍ട്ടിയുടെയും പ്രധാന ആയുധം.

ബീഹാര്‍, പഞ്ചാബ്, തമിഴ്‌നാട്, ബംഗാള്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കെജ്‌രിവാളുമായി ധാരണയുണ്ടാക്കാനാണ് സിപിഎമ്മിന്റെയും മമതാ ബാനര്‍ജിയുടെയും നീക്കം. ശാരദ ചിട്ടി തട്ടിപ്പ് ഉള്‍പ്പെടെ അഴിമതി ആരോപണത്തില്‍പ്പെട്ട മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനേക്കാള്‍ ആം ആദ്മി പാര്‍ട്ടിക്ക് സ്വീകാര്യം ഇടതുപക്ഷം തന്നെയാണ്. ഒറ്റയ്ക്ക് എല്ലാ സീറ്റിലും മത്സരിക്കുമോ അതോ ഇടതുപക്ഷവുമായി നീക്കുപോക്കിന് ആം ആദ്മി പാര്‍ട്ടി തയ്യാറാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പുകള്‍ പ്രത്യേകമായി നടക്കുന്നതിനാല്‍ കെജ്‌രിവാളിന് ഇവിടങ്ങളില്‍ തമ്പടിച്ച് പ്രചാരണം നടത്താന്‍ കഴിയുന്ന അനുകൂല സാഹചര്യം ആം ആദ്മി പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ‘ഡല്‍ഹി പാര്‍ട്ടി’എന്ന ‘പേര്’ മാറ്റി ദേശീയ പാര്‍ട്ടി എന്ന തലത്തിലേക്കുയരാന്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉജ്വല വിജയം അനിവാര്യമാണെന്ന് കെജ്‌രിവാളിനും നന്നായി അറിയാം.

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടി ഉന്നത നേതാവും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ് വി.എസുമായി സഹകരിക്കണമെന്ന താല്‍പര്യമാണുള്ളത്. ഇക്കാര്യത്തില്‍ കെജ്‌രിവാളിനും യോജിപ്പാണ്. അതേസമയം ഇപ്പോള്‍ സിപിഎം നേതൃത്വവുമായി കലഹിക്കാതെ മുന്നോട്ട് പോകുന്ന വി.എസ് ആം ആദ്മി പാര്‍ട്ടിയുമായി ഇടതുപക്ഷം സഖ്യമുണ്ടാക്കണമെന്ന നിലപാടിലാണ്. വിജയവാഡയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനുശേഷം സിപിഎം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് വി.എസ് കെജ്‌രിവാളിന് കത്തയച്ചിട്ടുണ്ട്.

Top