ഇടതുപക്ഷത്തോട് വിശ്വാസ വഞ്ചന കാട്ടി ജേക്കബ് പുന്നൂസിന്റെ മലക്കം മറിച്ചില്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് അഴിമതിയുടെ പേരില്‍ എല്‍ഡിഎഫിനെ സിഇഒ ജേക്കബ് പുന്നൂസ് കുറ്റപ്പെടുത്തിയത് അഴിമതിക്കെതിരായ പ്രക്ഷോഭത്തില്‍ നിന്ന് എല്‍ഡിഎഫിനെ പിന്തിരിപ്പിക്കാന്‍. ദേശീയ ഗെയിംസിലെ അഴിമതിക്കെതിരെ എല്‍ഡിഎഫ് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങവെയാണ് ഇടത് സഹയാത്രികനായിരുന്ന ജേക്കബ് പുന്നൂസിനെ മുന്‍ നിര്‍ത്തി സര്‍ക്കാര്‍ അപ്രതീക്ഷിത നീക്കം നടത്തിയത്. എല്‍ഡിഎഫ് ഭരണ കാലത്ത് ഫണ്ട് വകമാറ്റി ചെലവഴിച്ചതായി ജേക്കബ് പുന്നൂസിനെക്കൊണ്ട് പറയിപ്പിക്കുകയായിരുന്നു.

ഇടത് സഹയാത്രികന്‍ എന്നറിയപ്പെട്ടിരുന്ന മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് നന്ദികേടാണ് കാണിക്കുന്നതെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചു. ഇടത് ഭരണകാലത്ത് സംസ്ഥാന വിജിലന്‍സ് ഡയറക്ടറും ക്രമസമാധാന ചുമതലയുള്ള ഡിജിപിയുമായിരുന്നു ജേക്കബ് പുന്നൂസ്.

ദേശീയ ഗെയിംസ് സിഇഒ ആയ ജേക്കബ് പുന്നൂസിനാണ് ഇപ്പോള്‍ ഉയര്‍ന്ന് വരുന്ന ആരോപണങ്ങളുടെ പ്രധാന ഉത്തരവാദിത്വം. ഇത് മറികടക്കാന്‍ പ്രതിപക്ഷത്തെ നിശബ്ദമാക്കാനും വ്യക്തിപരമായും ജേക്കബ് പുന്നൂസ് ആഗ്രഹിക്കുന്നുണ്ടത്രെ.

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതിയും ധൂര്‍ത്തും സംബന്ധിച്ച് സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം മുറുകുമ്പോള്‍ ആദ്യം കുടുങ്ങുക സിഇഒ ആയിരിക്കും. ഗെയിംസ് നടത്തുന്നതിന് രൂപീകരിച്ച ഒഫീഷ്യല്‍ ഏജന്‍സി നാഷണല്‍ ഗെയിംസ് സെക്രട്ടറിയേറ്റിന്റെ തലവനാണ് സിഇഒ ജേക്കബ് പുന്നൂസ്.

ഗെയിംസ് അഴിമതി യുഡിഎഫിനെതിരെ ശക്തമായ ആയുധമായി എല്‍ഡിഎഫ് എടുത്തുപയോഗിക്കുന്നുണ്ട്. വി.ശിവന്‍കുട്ടി എംഎല്‍എയാണ് അഴിമതി ചൂണ്ടിക്കാട്ടുന്നവരില്‍ പ്രമുഖന്‍. ഇദ്ദേഹം ഗവര്‍ണര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സിപിഐഎം പ്രതിനിധികള്‍ എല്ലാവരും കഴിഞ്ഞ ദിവസം ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മിറ്റിയില്‍ നിന്ന് രാജിവച്ചിരുന്നു. അഴിമതിക്കെതിരെ ഡിവൈഎഫ്‌ഐ അടുത്ത ദിവസം കൂട്ടയോട്ടം നടത്തുന്നുമുണ്ട്. അതിനാല്‍ പ്രക്ഷോഭത്തില്‍ നിന്ന് എല്‍ഡിഎഫിന്റെ പിന്മാറ്റം സര്‍ക്കാരിന് അനിവാര്യമാണ്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ദേശീയ ഗെയിംസ് കേരളത്തില്‍ നടത്താന്‍ അനുമതി ലഭിച്ചത്. ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതും അക്കാലത്താണ്.

Top