ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : വെസ്റ്റ് ഹാമിന് മുന്നില്‍ ചിറകറ്റ് ആഴ്‌സനല്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍മാരായ ആഴ്‌സനലിന് തോല്‍വിയോടെ തുടക്കം. വെസ്റ്റ് ഹാം യുണൈറ്റഡാണ് ഗണ്ണേഴ്‌സിനെ സ്വന്തം തട്ടകത്തില്‍ പരാജയത്തിന്റെ കയ്പുനീര്‍ കുടിപ്പിച്ചത് (20). വിജയികള്‍ക്കായി ചിയാക്കു കുയാറ്റ (43) മൗറ സരാറ്റ് (57) എന്നിവര്‍ സ്‌കോര്‍ ചെയ്തു. മറ്റൊരു മത്സരത്തില്‍ ന്യൂകാസില്‍ യുണൈറ്റഡിനെ സതാംപ്ടണ്‍ സമനിലയില്‍ തളച്ചു (2-2).

കമ്യൂണിറ്റി ഷീല്‍ഡില്‍ ചെല്‍സിയെ കീഴടക്കി ചാമ്പ്യന്‍മാരായതിന്റെ ആത്മവിശ്വാസത്തോടെ കളിക്കാനിറങ്ങിയ ആഴ്‌സനലിന് കളത്തില്‍ അത് നിലനിര്‍ത്താനായില്ല. 21 ഷോട്ടുകളാണ് വെസ്റ്റ്ഹാമിനെതിരെ ആഴ്‌സനല്‍ താരങ്ങള്‍ പായിച്ചത്. എതില്‍ എട്ടെണ്ണം പോസ്റ്റിലേക്കായിരുന്നു. എന്നിട്ടും ഗോള്‍ നേടാന്‍ കഴിയാതിരുന്നതില്‍ ടീമിന്റെ പരാജയകാരണമുണ്ട്.

അതേസമയം, വെസ്റ്റ്ഹാമാം ആഴ്‌സനല്‍ പോസ്റ്റിനെ ലക്ഷ്യമിട്ട് എട്ട് ഷോട്ടുകളാണ് ഉതിര്‍ത്തത്. ഇതില്‍ അഞ്ചെണ്ണം പോസ്റ്റിലേക്കായിരുന്നു. കളിയില്‍ 62 ശതമാനം ആധിപത്യം പുലര്‍ത്തിയിട്ടും ആര്‍ത്തുവിളിക്കുന്ന ആരാധകര്‍ക്ക് മുന്നില്‍ തോറ്റുതുടങ്ങാനായിരുന്നു ആഴ്‌സന്‍ വെങ്ങര്‍ക്കും ടീമിനും യോഗം.

അലക്‌സിസ് സാഞ്ചസ്, തിയോ വാല്‍ക്കോട്ട് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ടീം ഇറങ്ങിയത്. ഒളിവര്‍ ജിറൂഡിനായിരുന്നു ഗോളടിക്കാനുള്ള ചുമതല. അതേ സമയം സരാറ്റ് സാഖോ സഖ്യമായിരുന്നു വെസ്റ്റ്ഹാമിന്റെ മുന്‍നിരയില്‍. പ്രതിരോധത്തിലെ വീഴ്ചകളാണ് ആഴ്‌സനലിന്റെ ഗോളുകള്‍ക്ക് കാരണം.

പെയറ്റിന്റെ ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് മുന്നോട്ടുകയറി തടുക്കാനുള്ള ശ്രമം ഹെഡറിലൂടെ പരാജയപ്പെടുത്തിയാണ് കുയാറ്റ ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ പ്രതിരോധത്തിന്റെ അലസതയില്‍ നിന്നായിരുന്നു. പ്രതിരോധനിരക്കാന്‍ കോക്യുലിന്‍ പന്ത് ക്ലിയര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ സരാറ്റ് ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത ഷോട്ട് സ്ഥാനം തെറ്റിനിന്ന ആഴ്‌സനല്‍ ഗോളി പീറ്റര്‍ ചെക്കിന് തടയാനായില്ല.

ഗോള്‍ വീണതോടെ സാഞ്ചസിനെയും വാല്‍ക്കോട്ടിനേയും ഇറക്കി മുന്നേറ്റത്തിന് മൂര്‍ച്ചകൂട്ടിയെങ്കിലും വെസ്റ്റ്ഹാം ഗോളി ആഡ്രിയന്റെ മികച്ച സേവുകള്‍ ടീമിന് തുണയായി. സാഞ്ചസിന്റെ രണ്ട് ശ്രമങ്ങളാണ് അഡ്രിയന്‍ തടഞ്ഞത്.

ന്യൂകാസിലിനെതിരായ മത്സരത്തില്‍ ഗ്രാസിയാനോ പെലെ (24) ഷെയ്ന്‍ ലോങ്(79) എന്നിവര്‍ ഗോള്‍ നേടി. ന്യൂകാസിലിന്റെ ഗോളുകള്‍ പാപ്പിസ് സിസ്സെ(42) ജോര്‍ജിയാനോ വൈനാള്‍ഡം (48) എന്നിവര്‍ ലക്ഷ്യം കണ്ടു.

Top