ആ ‘പാപം’മുഖ്യമന്ത്രിയുടെ തലയില്‍ കെട്ടിവച്ച് മോഹന്‍ലാല്‍ തലയൂരരുത്

ലാലിസം വിവാദത്തില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിയുടേയും കായിക മന്ത്രിയുടെയും തലയില്‍ കെട്ടിവച്ച് തലയൂരാനുള്ള മോഹന്‍ലാലിന്റെ നീക്കം പ്രതിഷേധാര്‍ഹവും ആടിനെ പട്ടിയാക്കുന്നതിന് തുല്യവുമാണ്.

സ്വന്തം അഭിമാനമായ ‘ലാലിസം’ അഭിനയിച്ച് പ്രേക്ഷകരുടെ ക്ഷമ പരീക്ഷിച്ചതും പണം കൈപറ്റിയതും ലാല്‍ മാത്രമാണ്. അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റ് കലാകാരന്മാര്‍ക്കും വേണ്ടി മാത്രമാണ് ഒരുകോടി അറുപത് ലക്ഷം രൂപ വാങ്ങിയതെന്ന് പറഞ്ഞ് തടിതപ്പാന്‍ ഇത് സിനിമയല്ല… ജീവിതമാണ്. സാങ്കല്‍പിക കഥകളില്‍ നായകവേഷം കെട്ടിയ ലാലിനെ കഴിഞ്ഞ 36 വര്‍ഷമായി മലയാളികള്‍ അംഗീകരിച്ചത് വില്ലന്‍വേഷം ജീവിതത്തില്‍ കെട്ടാനല്ലെന്ന് കൂടി ഓര്‍ക്കണം.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ഘട്ടത്തില്‍ മണിക്കൂറുകള്‍ മാത്രം നീണ്ട കലാപരിപാടിക്ക് വേണ്ടി ഒരുകോടി അറുപത്തി മൂന്ന് ലക്ഷം രൂപ കൈനീട്ടി വാങ്ങാന്‍ ദേശീയഗെയിംസ്‌ ‘കൈനീട്ടം’പദ്ധതിയല്ല.

വാങ്ങിയ തുക പരിപാടിയില്‍ പങ്കെടുത്ത മറ്റ് കലാകാരന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമാണ് നല്‍കുന്നത് എന്ന് പറയാന്‍ മോഹന്‍ലാലിന് എങ്ങനെ കഴിഞ്ഞു? പ്രബുദ്ധരായ മലയാളികള്‍ കണ്ണടച്ച് ലാലിനെ വിശ്വസിക്കുമെന്ന് കരുതരുത്.

ഇനി ലാല്‍ പറഞ്ഞത് ഒരു വാദത്തിന് വേണ്ടി അംഗീകരിച്ചാല്‍പോലും ഇത്രയും ഭീമമായ തുക ‘മറ്റുള്ളവര്‍ക്കായി’ വാങ്ങി എടുത്തത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണെന്ന് മോഹന്‍ലാല്‍ മറുപടി പറയണം.

അഴിമതിയുടെ അരങ്ങായി ദേശീയ ഗെയിംസിനെ ചൂണ്ടിക്കാണിക്കുന്നവര്‍ പ്രധാന ആയുധമാക്കുന്നത് ലാലിസം പരിപാടിയാണ്. മഹത്തായ ഒരു ആഘോഷത്തിന്റെ നിറം കെടുത്തിയതില്‍ അറിഞ്ഞോ അറിയാതെയോ ലാലും ഒരു പങ്ക് വഹിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്.

മുഖ്യമന്ത്രിയും കായികമന്ത്രിയും ആവശ്യപ്പെട്ടത് കൊണ്ടാണ് താന്‍ ലാലിസം പരിപാടി അവതരിപ്പിച്ചതെന്ന് വിശദീകരിച്ച മോഹന്‍ലാലിന്റെ വാദവും ശരിയല്ല.ദേശീയ ഗെയിംസ് പോലുള്ള രാജ്യം ഉറ്റുനോക്കുന്ന ഒരു വന്‍ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ ലക്ഷക്കണക്കിനാളുകള്‍ ലൈവ് ആയി വിലയിരുത്തുന്ന പരിപാടിയില്‍ താന്‍ എന്ത് അവതരിപ്പിച്ചാലും അത് വലിയ ശ്രദ്ധനേടുമെന്ന് തിരിച്ചറിയാനുള്ള വിവേകം ലാലിന് നഷ്ടപ്പെട്ടെന്ന് കരുതാന്‍ നിര്‍വാഹമില്ല.

സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് ബ്ലോഗില്‍കൂടി നിലപാട് വ്യക്തമാക്കുന്ന മോഹന്‍ലാലിന്റെ ധാര്‍മികതയാണ് ഇവിടെ ചോദ്യംചെയ്യപ്പെടുന്നത്. ‘ലാലിസം’ സ്വന്തമായി അഭിനയിപ്പിച്ച് ഫലിപ്പിക്കാന്‍ പറ്റുമെന്ന വിശ്വാസം തന്നെയാണ് മോഹന്‍ലാലിനെ അരങ്ങത്തെത്തിച്ചത്. സുഹൃത്തുക്കള്‍ കൂടിയായ സൂപ്പര്‍ സംവിധായകരും ഇതിന് പിന്‍തുണ നല്‍കി.

തന്റെ സ്വപ്ന പദ്ധതിയായ ലാലിസത്തിന് ദേശീയ ഗെയിംസ് വേദിയില്‍ ലഭിക്കാവുന്ന വന്‍ തുടക്കം മറ്റൊരിടത്തും ലഭിക്കില്ലെന്ന തിരിച്ചറിവാണ് ഈ ദൗത്യം ഏറ്റെടുക്കാന്‍ സൂപ്പര്‍താരത്തെ പ്രേരിപ്പിച്ചത്. അത് കേവലം സാമ്പത്തിക താല്‍പര്യം മാത്രം കണക്കിലെടുത്തല്ല എന്നതും യാഥാര്‍ത്ഥ്യമാണ്. വസ്തുത ഇതായിരിക്കെ മുഖ്യമന്ത്രിയുടെയും കായികമന്ത്രിയുടെയും നിര്‍ബന്ധത്തിന് വഴങ്ങി ‘ബലമായി’ പ്രോഗ്രാം അവതരിപ്പിക്കുകയായിരുന്നുവെന്ന തരത്തില്‍ ന്യായീകരണവുമായി രംഗത്ത് വരുന്നത് ലാലിനെ പോലെയുള്ള ഒരു നടന് ചേര്‍ന്ന പെരുമാറ്റമല്ല. ലാലിന്റെ അടുത്ത സുഹൃത്തുകൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍ ചെയര്‍മാനായ സമിതിയാണ് ദേശീയ ഗെയിംസ് ഉദ്ഘാടന പരിപാടിയിലേക്ക് ലാലിസം തെരഞ്ഞെടുത്തത് എന്ന കാര്യം മറക്കരുത്.

മോഹന്‍ലാലിനെ മുഖ്യമന്ത്രിയും കായികമന്ത്രിയും സമീപിച്ചതിനെയും കുറ്റംപറയാന്‍ പറ്റില്ല. ഏറ്റവും കൂടുതല്‍ മലയാളികള്‍ രാഷ്ട്രീയ – മത-ഭേദമില്ലാതെ ഒറ്റ മനസ്സായി അംഗീകരിക്കുന്ന മോഹന്‍ലാല്‍ ദേശീയ ഗെയിംസ് വേദിയിലെ ബെസ്റ്റ് ചോയ്‌സ് തന്നെയാണ്.

ലാലിന്റെ കഴിവില്‍ വിശ്വസിച്ച സംഘാടകരെയും ജനങ്ങളെയും നിരാശരാക്കിയത് ലാലിന്റെ കഴിവുകേടാണ്. ഇക്കാര്യത്തില്‍ പരിപാടിയുടെ സംവിധായകന്റെ വീഴ്ച്ച രണ്ടാമത് മാത്രമാണ്. കാരണം സിനിമാ രംഗത്തെ പോലെ തന്നെ പ്രോഗ്രാമുകളിലും ‘സൂപ്പര്‍താര ഇടപെടലുകളാണ്’ മേധാവിത്വം പുലര്‍ത്താറുള്ളത്.

അഭിനയിക്കുന്ന സിനിമ പരാജയപ്പെടുമ്പോള്‍ രജനികാന്തിനെ പോലെയുള്ള ചില നടന്മാര്‍ നിര്‍മ്മാതാക്കള്‍ക്ക് പണം മടക്കിക്കൊടുത്ത് സാമ്പത്തിക നഷ്ടം നികത്തുന്നത് പോലെ സര്‍ക്കാരിന് പണം തിരിച്ച് കൊടുത്തതുകൊണ്ട് പരിഹരിക്കാന്‍ പറ്റാവുന്നതല്ല ഇപ്പോഴത്തെ വിവാദം. കാരണം, സിനിമാ നിര്‍മാതാവിന്റെ കച്ചവടതാല്‍പര്യമല്ല ദേശീയ ഗെയിംസിന്റെ ആതിഥേയത്വമെന്ന് ഓര്‍ക്കണം.

ചാനല്‍ ചര്‍ച്ചകളില്‍ മറ്റ് ‘ഇരകള്‍ക്ക് ‘നല്‍കാത്ത അവതാരകരുടെ ആനുകൂല്യം ലാലിന് ലഭിക്കാന്‍ ഇപ്പോഴത്തെ നിലപാട് കാരണമായിട്ടുണ്ടാകാം. പക്ഷേ അത് നവമാധ്യമങ്ങള്‍ മേധാവിത്വം പുലര്‍ത്തുന്ന പുതിയ കാലഘട്ടത്തില്‍ വിലപ്പോവില്ല.

Team ExpressKerala

Top